ഇന്ന് ലോക ബാല്യകാല അർബുദ ദിനം: മികച്ച സന്നദ്ധ പ്രവർത്തനങ്ങളുമായി ഹോപ്പ്

ഇന്ന് ലോക ബാല്യകാല അർബുദ ദിനം: മികച്ച സന്നദ്ധ പ്രവർത്തനങ്ങളുമായി ഹോപ്പ്

ദുബായ്: ഇന്ന് ലോക ബാല്യകാല അർബുദ ദിനം. കഴിഞ്ഞ അഞ്ച് വർഷമായി നിർധര കുടുംബത്തിലെ ക്യാൻസർ ബാധിതരായ കുട്ടികളുടെ ചികിത്സാരംഗത്തും ചികിത്സേതര മേഖലയിലും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുകയാണ് ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സ്ഥാപനം.

2016 ഒരുപറ്റം സുമനസ്സുകളുടെ പിന്തുണയോടെ യുഎഇ പ്രവാസികളായ ഹാരിസ് കാട്ടകത്തിന്റെയും മുഹമ്മദ്‌ ഷാഫി അൽ മുർഷിദിയുടെയും സൂക്ഷ്മമായ ഏകോപനത്തിലാണ് ഹോപ്പ് പ്രവർത്തിക്കുന്നത്. ഇന്ന് കേരളത്തിലും ഗൾഫിലുമടക്കം ആയിരകണക്കിന് കുട്ടികൾക്ക് ആശ്വാസമേകാൻ ഈ പ്രസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

അഞ്ച് വർഷത്തിനിപ്പുറം നിരവധി ബാല്യങ്ങളാണ് അർബുദത്തിന്റെ ദുരിതങ്ങൾ മറികടന്നു ഹോപ്പിലുടെ ജീവിതത്തിലേക്ക് തിരികെയെത്തിയത് എന്നത് ഹോപ്പിന്റെ സേവന സന്നദ്ധത കൂടുതൽ തിളക്കമുറ്റതാകുന്നു. കോഴിക്കോട് ജില്ലയിൽ രണ്ടിടത്തും എറണാകുളം, കണ്ണൂർ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലുള്ള ഹോപ്പ് ഹോംസിലുടെ തികച്ചും സൗജന്യമായി പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് സാന്ത്വനമേകാനും അവരുടെ കുടുംബങ്ങൾക്ക് മാനസികമായ പിന്തുണ നൽകാനും ഇവർക്ക് സാധിക്കുന്നു.

കുട്ടികളിൽ അർബുദരോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതൽ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ അവർക്കൊപ്പം സഹായഹസ്തവുമായി നിലകൊള്ളുമെന്നതാണ് ഇവർ സമൂഹത്തോട് വിളിച്ചുപറയുന്നത്. രോഗത്തെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച സാധ്യതകൾ സൃഷ്ടിക്കുക എന്നതാണ് ഇവർ സേവന മേഖലയിൽ ലക്ഷ്യവെക്കുന്നത്.

ഏറ്റവും മികച്ചതും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുക, സുരക്ഷിതവും അണുബാധ മുക്തമായ താമസ സൗകര്യം ചികിത്സാവേളയിൽ ലഭ്യമാക്കുക, മികച്ച പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, സാമ്പത്തികവും മാനസികവുമായ പിന്തുണയും സഹായവും എത്തിക്കുക എന്നീ നാലു കാര്യങ്ങൾക്കാണ് ഇവരുടെ ഊന്നൽ. ഹോപ്പ് ക്ലിനിക്, ഹോപ്പ് ഹോംസ്, ഹോപ്പ് കെയർ എന്നിവയിലൂടെ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

അർബുദ ബാധിതരായ കുട്ടികളിലെ അതിജീവന സാധ്യതാ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടുവരുകയും ഒപ്പം ക്യാൻസർ എന്ന മാരക രോഗത്തിൽ നിന്ന് സമൂഹത്തെ പൂർണമായും മുക്തമാക്കുകയെന്നതുമാണ് ഹോപ്പിന്റെ പരമമായ ലക്ഷ്യം. ദുബായിലെ അൽ ഖിസൈസിലുള്ള ഹോപ്പ് ഓഫീസിൽ നിന്നാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിച്ചു വരുന്നത്. അർബുദ ബാധിതരായ കുട്ടികളുടെ അതിജീവനത്തിനും ആശ്വാസത്തിനും വഴിയൊരുക്കിയ ഹോപ്പിനൊപ്പം നല്ല മനസ്സുകൾ ഇനിയും കൈകോർക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനത്തോടനുബന്ധിച്ച് ഹോപ്പ് കാൻസർ കെയർ ഫൗണ്ടേഷൻ ഈ രംഗത്തെ പ്രമുഖ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ വരുന്ന 17 തിയതി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് പിടിയാട്രിക്‌സ് ഐപിസ് തലശ്ശേരി ഘടകവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെർച്വൽ സംവിധാനത്തിൽ രാത്രി ഏഴിന് നടക്കുന്ന ചടങ്ങിൽ ഡോ കെ ജി ഗോപകുമാർ, ഡോ, ജിതിൻ ടി കെ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.