'നിങ്ങള്‍ എന്റെ രാജാവല്ല'; ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ് രാജാവിന് നേരെ പ്രതിഷേധവുമായി സെനറ്റര്‍ ലിഡിയ തോര്‍പ്പ്

'നിങ്ങള്‍ എന്റെ രാജാവല്ല'; ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ് രാജാവിന് നേരെ പ്രതിഷേധവുമായി സെനറ്റര്‍ ലിഡിയ തോര്‍പ്പ്

കാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജാവിനെതിരെ കടുത്ത ഭാഷയില്‍ ആക്രോശിച്ച് സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ്. പാര്‍ലമെന്റില്‍ രാജാവ് സംസാരിച്ചതിനു ശേഷമാണ് സെനറ്റര്‍ 'ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങള്‍ ഞങ്ങളുടെ രാജാവുമല്ല' എന്ന് അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ലിഡിയ തോര്‍പ്പിന്റെ പരാമര്‍ശം സഭാംഗങ്ങളെ ഒന്നടങ്കം ഞെട്ടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ! നിങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ' എന്നും ചാള്‍സ് രാജാവിന് മുന്നിലേക്ക് വരാന്‍ ശ്രമിച്ച് ലിഡിയ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ലിഡിയയെ നീക്കാന്‍ ശ്രമിച്ചപ്പോഴും മുറിയുടെ പിന്‍ഭാഗത്ത് നിന്ന് അവര്‍ പ്രതിഷേധം തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ചാള്‍സ് രാജാവും കാമില രാജ്ഞിയും പ്രതിഷേധത്തോട് പ്രതികരിക്കാതെ ചടങ്ങില്‍ പങ്കെടുക്കുന്നത് തുടര്‍ന്നു. സംഭവം വിദേശമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 2023ല്‍ കിരീടമണിഞ്ഞതിന് ശേഷം ചാള്‍സ് രാജാവിന്റെ ഓസ്ട്രേലിയയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും ചേര്‍ന്നാണ് രാജകുടുംബത്തെ പാര്‍ലമെന്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്.

100 വര്‍ഷത്തിലധികം ബ്രിട്ടീഷ് കോളനിയായിരുന്ന ഓസ്ട്രേലിയ ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്. ചാള്‍സ് രാജാവാണ് നിലവിലെ ഓസ്‌ട്രേലിയന്‍ രാജാവ്. രാജവാഴ്ചയോടുള്ള കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോര്‍പ്പ് അറിയപ്പെടുന്നത്.

2022ല്‍ അവര്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോള്‍ മുഷ്ടി ഉയര്‍ത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് അച്ചടിച്ചിരിക്കുന്നതുപോലെ നിങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് ചേംബര്‍ പ്രസിഡന്റ് സ്യൂ ലൈന്‍സ് നിര്‍ദേശിക്കുകയായിരുന്നു.

ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം വിച്ഛേദിച്ച് റിപ്പബ്ലിക്കായി മാറുന്നതിലേക്ക് ഓസ്ട്രേലിയ നീങ്ങണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ലിഡിയ തോര്‍പ് റിപ്പബ്ലിക്ക് വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശീയ ഓസ്ട്രേലിയക്കാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആശ്യപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.