പ്രാദേശിക സഭകളുടെ പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കപ്പെടണം: മെത്രാന്‍മാരുടെ ഒക്ടോബര്‍ 2024 സിനഡ്

പ്രാദേശിക സഭകളുടെ പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കപ്പെടണം: മെത്രാന്‍മാരുടെ ഒക്ടോബര്‍ 2024 സിനഡ്

കൊച്ചി: പ്രാദേശിക സഭകളുടെ പ്രത്യേകതകള്‍ കാത്ത് സൂക്ഷിക്കപ്പെടണമെന്ന് മെത്രാന്‍മാരുടെ സിനഡ്. വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡ് ഒക്ടോബര്‍ 2024 പൗരസ്ത്യ സഭകള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സഭകളും ആഗോള സഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യ സഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചര്‍ച്ച ചെയ്തു.

പൗരസ്ത്യ സഭകളുടെ അതിജീവനം മാത്രമല്ല അവയുടെ വളര്‍ച്ചയും ഉറപ്പാക്കണമെന്ന ആവശ്യവും സിനഡില്‍ ഉയര്‍ന്നു. ആഗോള-പ്രാദേശിക സഭകള്‍ തമ്മില്‍ നിലനില്‍ക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഓരോ പ്രാദേശിക സഭകളുടെയും പ്രത്യേകതകള്‍ കാത്ത് സൂക്ഷിക്കപ്പെടേണ്ടവയാണ് അവ ആഗോള സഭയ്ക്കെതിരെയുള്ള ഒരു ഭീഷണിയായല്ല, മറിച്ച് സമ്മാനമായി കണക്കാക്കപ്പെടണമെന്നും സിനഡ് അഭിപ്രായപ്പെട്ടു.

റോമിലെയും മറ്റ് പ്രാദേശിക സഭകളിലെയും സഭാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അധികാര വികേന്ദ്രീകരണം സംബന്ധിച്ച ചിന്തകള്‍ ഉയര്‍ന്നുവന്നു. വിവിധ സഹോദര സഭകള്‍ ഒരേ ദിവസം പെസഹാ ആചരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സിനഡില്‍ ഇടം പിടിച്ചു. സിനഡാത്മകത സഭയെ തളര്‍ത്തുന്ന ഒന്നല്ലെന്ന ചിന്തയും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു. സഹനങ്ങളിലൂടെ കടന്ന് പോകുന്ന സഭാ അംഗങ്ങളുടെ സ്വരം കൂടുതലായി ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടു. വിശ്വാസത്തിന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടുപോകേണ്ടതിന് അല്‍മായരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം എടുത്തു പറയപ്പെട്ടു.

ഡിജിറ്റല്‍ മേഖലയിലും അജപാലന സേവനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സ്ത്രീകളെയും യുവജനങ്ങളെയും സഭാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യം എന്നിവയും സിനഡ് ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ച്, യുദ്ധങ്ങള്‍, അഴിമതി, കുടിയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സഭയ്ക്ക് എടുക്കാന്‍ സാധിക്കേണ്ട നിലപാടുകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും സിനഡ് ചര്‍ച്ച ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.