'എന്റെ സഹോദരിയേക്കാള്‍ നല്ലൊരു ജനപ്രതിനിധിയെ വയനാടിന് കിട്ടാനില്ല': പ്രിയങ്ക പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി മാറുമെന്ന് രാഹുല്‍ ഗാന്ധി

'എന്റെ സഹോദരിയേക്കാള്‍ നല്ലൊരു ജനപ്രതിനിധിയെ വയനാടിന് കിട്ടാനില്ല': പ്രിയങ്ക പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി മാറുമെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയ്ക്ക് ആശംസകള്‍ അറിയിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അവിടുത്തെ ജനതയ്ക്ക് തന്റെ സഹോദരിയേക്കാള്‍ നല്ലൊരു ജനപ്രതിനിധിയെ സങ്കല്‍പ്പിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.

വയനാട്ടിലെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രിയങ്ക ശക്തമായി നിലകൊള്ളും. തന്റെ സഹോദരി പാര്‍ലമെന്റിലെ വയനാടിന്റെ ശബ്ദമായി മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ കുറിച്ചു. പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുലും പ്രിയങ്കയുടെ കൂടെയുണ്ടാകും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കല്‍പ്പറ്റയിലെത്തുന്നുണ്ട്.

അതേസമയം പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതിന്റെ ആവേശം രാജ്യ തലസ്ഥാനത്തുമെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പല ഇടങ്ങളിലായി പ്രിയങ്കയുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരും വയനാട്ടിലേക്ക് എത്തുന്നുണ്ട്. സത്യന്‍ മൊകേരിയാണ് ഇടത് സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.