പാലക്കാട്: ദേശീയപാത കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് ഭാഗത്ത് നിന്നെത്തിയ കാറും എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാന്‍തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മെഹമൂദിന്റെ മകനാണ് അഫ്‌സല്‍.
ചൊവ്വാഴ്ച രാത്രി 10:45 ഓടെയായിരുന്നു അപകടം. പാലക്കാട്ട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മണ്ണാര്‍ക്കാട്ട് നിന്ന് പാലക്കാട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് രണ്ട് പേര്‍ മരിച്ചത്.
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. കരിമ്പുഴ സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കളെന്ന് എസ്.എച്ച്.ഒ എം ഷഹീര്‍ പറഞ്ഞു.
സംഭവം അറിഞ്ഞ നാട്ടുകാരാണ് പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും ആംബുലന്‍സിനെയും വിളിച്ചത്. കല്ലടിക്കോട് പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കോങ്ങാടു നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിക്കും പരിക്കുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഇന്ന് ഉച്ചവരെയുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.