ജാര്‍ഖണ്ഡില്‍ തനിച്ച് മത്സരിക്കാന്‍ ഇടത് പാര്‍ട്ടികള്‍; സിപിഐയും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡില്‍ തനിച്ച് മത്സരിക്കാന്‍ ഇടത് പാര്‍ട്ടികള്‍; സിപിഐയും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

റാഞ്ചി: സീറ്റ് വിഭജനം കീറാമുട്ടിയായതോടെ ജാര്‍ഖണ്ഡില്‍ തനിച്ച് മത്സരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. പിന്നാലെ സിപിഎമ്മും സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു.

ബഹ്‌റാഗോര, മന്ദാര്‍, തമര്‍, ജമ , പാകുര്‍, ജംതാര, മഹേസ്പൂര്‍,സിസായി, ഛത്ര എന്നിങ്ങനെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം പ്രഖ്യാപിച്ചത്. 15 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തമര്‍, സിസായ്, മന്ദാര്‍,ബഹ്‌റാഗോര എന്നിവിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.

ജെ എം എം-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ സിപിഐ നേതൃത്വം ആഞ്ഞടിച്ചു.'ഞങ്ങള്‍ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇരുപാര്‍ട്ടിയിലേയും മുതിര്‍ന്ന നേതാക്കള്‍ തന്നെ ഞങ്ങളുമായി ചര്‍ച്ച നടത്തി ചില ഉറപ്പുകള്‍ തന്നു. എന്നാല്‍ അവര്‍ ഉറപ്പുകള്‍ പാലിച്ചില്ല. അതിനാലാണ് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്'- സിപിഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു.

അതിനിടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാന്‍ ആര്‍ജെഡിയില്‍ തീരുമാനമായി. ആറ് സ്ഥാനാര്‍ത്ഥികളേയും ആര്‍ജെഡി പ്രഖ്യാപിച്ചു. നേരത്തേ 22 സീറ്റുകള്‍ ആര്‍ജെഡി ആവശ്യപ്പെട്ടിരുന്നു. ഇത് ജെഎംഎമ്മും കോണ്‍ഗ്രസും അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ആര്‍ജെഡി തനിച്ച് മത്സരിച്ചേക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറനുമായി കഴിഞ്ഞ ദിവസം ഫോണിലൂടെ ചര്‍ച്ച നടത്തി. തേജസ്വി യാദവും ഹേമന്ദ് സോറനും തമ്മിലും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തികള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതെന്നാണ് സൂചന. ഇതോടെ ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി.

ജെഎംഎം 41 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. നാല് സീറ്റുകള്‍ സിപിഐ-എമ്മലിന് നല്‍കി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 43 മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിച്ചത്. ഇതില്‍ 30 സീറ്റുകള്‍ പാര്‍ട്ടി വിജയിച്ചു. 31 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 16 മണ്ഡലങ്ങളിലും ആറിടത്ത് മത്സരിച്ച ആര്‍ജെഡി ഒരു സീറ്റിലുമാണ് വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.