ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവ് ലഭിക്കുന്ന നിയമ ഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്ത് പിന്നാലെ വീണ്ടും ബോംബ് ഭീഷണി.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, സ്പൈസ് ജെറ്റ്, ആകാശ എയര്‍ തുടങ്ങി 95 വിമാനങ്ങള്‍ക്കുനേരെയാണ് ഇന്ന് ഭീഷണി ഉയര്‍ന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 250 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുണ്ടായത്.
25 ആകാശ എയര്‍ ഫ്‌ളൈറ്റ്, 20 വീതം എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, അഞ്ച് വീതം സ്പൈസ് ജെറ്റ്, അലയന്‍സ് എയര്‍ എന്നീ വിമാനങ്ങള്‍ക്കുനേരെയാണ് ഇന്ന് ഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
എക്സിലൂടെ എത്തിയ ഭീഷണി സന്ദേശങ്ങള്‍ സസ്പെന്‍ഡ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ 170 ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. അവയില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നായിരുന്നു. ഇവ പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
തടവിനും പിഴയ്ക്കും പുറമെ വ്യാജ ഭീഷണി മുഴക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്‍ പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 1980 ലെ വ്യോമയാന സുരക്ഷാ നിയമത്തില്‍ വിമാനത്തില്‍ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങള്‍ക്ക് പുറത്തു നിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളാണ് ഭീഷണിക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇത് തടയാനും നടപടിയുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.