സീറ്റിനായി ലീഗില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം; സ്ഥിരം മല്‍സരാര്‍ത്ഥികളുടെ ഏറാന്‍മൂളികളാകാനില്ലെന്ന് യൂത്ത് ലീഗ്

സീറ്റിനായി ലീഗില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം;   സ്ഥിരം മല്‍സരാര്‍ത്ഥികളുടെ ഏറാന്‍മൂളികളാകാനില്ലെന്ന് യൂത്ത് ലീഗ്

മലപ്പുറം: നിമയസഭാ തിരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങാന്‍ മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ തുടരുന്ന സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രധാന പാര്‍ട്ടികളെല്ലാം ഇത്തവണ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും മുസ്ലീം ലീഗ് ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാന്‍ മടിക്കുന്നതില്‍ യൂത്ത് ലീഗ്, എംഎസ്എഫ് എന്നിവര്‍ കടുത്ത പ്രതിഷേധത്തിലാണ്. സ്ഥിരം മല്‍സരാര്‍ത്ഥികളായ നേതാക്കന്‍മാരുടെ ഏറാന്‍മൂളികളായി നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് യൂത്ത് ലീഗിലെ ഒരു വിഭാഗം വ്യക്തമാക്കി കഴിഞ്ഞു.

ഇതിനിടെ മുതിര്‍ന്ന നേതാക്കളില്‍ ആരൊക്കെ മല്‍സരിക്കണം എന്നത് സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. പ്രകടമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക്സഭാംഗത്വം രാജിവച്ച് എത്തിയ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്ന് ഉറപ്പാണ്. ഇതിനുള്ള പച്ചക്കൊടി പാണക്കാട്ട് നിന്ന് നേരത്തേ ലഭിച്ചിരുന്നു. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണ് എന്ന നിലപാടാണ് കോണ്‍ഗ്രസിനുമുള്ളത്.

അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും രാജ്യസഭാ എംപി പി.വി അബ്ദുല്‍ വഹാബും മല്‍സരിക്കാന്‍ തയ്യാറായതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനാണ് മജീദിന് താല്‍പര്യം. ഏറനാടോ മഞ്ചേരിയിലോ ആണ് വഹാബ് നോട്ടമിടുന്നത്. 1980 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട് കെപിഎ മജീദ്. ഒടുവില്‍ ജയിച്ചത് 1996ലാണ്. 2004ല്‍ ലോക്സഭയിലേക്ക് മഞ്ചേരിയില്‍ നിന്ന് മല്‍സരിച്ചെങ്കിലും സിപിഎമ്മിലെ ടി.കെ ഹംസയോട് തോറ്റു. പിന്നീട് മജീദ് മത്സര രംഗത്തുണ്ടായിരുന്നില്ല.

ഇതിന് പിന്നാലെയാണ് രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബും മല്‍സരിക്കാന്‍ കച്ച മുറുക്കുന്നത്. വഹാബിന്റെ രാജ്യസഭാ കാലാവധി ഏപ്രിലില്‍ അവസാനിക്കും. ഈ ഒഴിവില്‍ മജീദിനെ രാജ്യസഭയിലേക്ക് അയക്കാമെന്ന് മുസ്ലിം ലീഗില്‍ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിക്ക് പോകാന്‍ താര്‍പര്യമില്ലെന്ന നിലപാടിലാണ് മജീദ്. വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിപ്പിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

അതിനിടെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതില്‍ മുസ്ലിം ലീഗില്‍ ഒരു വിഭാഗത്തിനുള്ള അമര്‍ഷം പല രീതിയില്‍ പുറത്തു വരുന്നുണ്ട്. എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്ന ആക്ഷേപവുമായി മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി എന്ന യുവജന കൂട്ടായ്മ രംഗത്ത് വന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ മുന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ കൂട്ടായ്മയിലുള്ളത്.

അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുകാര്‍ വിജയിപ്പിച്ചത്. ആ വോട്ടുകള്‍ക്ക് കടലാസിന്റെ വില പോലും നല്‍കാതെ അദ്ദേഹം ഇപ്പോള്‍ രാജിവച്ചിരിക്കുന്നു. ജനവികാരം മാനിക്കാതെയുള്ള ഇത്തരം നീക്കങ്ങള്‍ അധികാര ലാഭത്തിന് വേണ്ടിയാണന്നും കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരോട് മാപ്പ് പറയണമെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.

ചുരുക്കത്തില്‍, യുവാക്കള്‍ക്ക് കാര്യമായ പരിഗണന നല്‍കാതെ സ്ഥിരം സ്ഥാനാര്‍ത്ഥികളെ തന്നെ പരീക്ഷിക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം തയ്യാറാകുന്നതെങ്കില്‍ മലപ്പുറമെന്ന പച്ചത്തുരുത്തില്‍ പോലും ലീഗിന് വിജയം എളുപ്പമാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.