തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ സ്ഥാനത്ത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം പത്തൊമ്പതാം ദിവസത്തിലേക്കു കടന്നിട്ടും തീരുമാനം ഉണ്ടാകാത്തതോടെ ഉദ്യോഗാര്‍ത്ഥികള്‍ പുതിയ സമര മുറകളിലേക്ക് കടന്നു. മുട്ടിലിഴഞ്ഞും യാചിച്ചുമായിരുന്നു ഇന്നത്തെ സമരം. സെക്രട്ടേറിയറ്റിനു ചുറ്റും മുട്ടിലിഴഞ്ഞ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ തലകറങ്ങി വീണു. ഇവരെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരക്കാരെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നു വ്യക്തമായതോടെയാണ് ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കിയത്. അതിനിടെ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി ഹയര്‍സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്‌സും രംഗത്തെത്തി. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ച നാഷണല്‍ ഗെയിംസ് വിജയികളും സമരക്കാര്‍ക്കു പിന്തുണ അറിയിച്ചെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചു.
അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. റാങ്ക് ലിസ്റ്റിലുള്ള കൂടുതല്‍പേര്‍ക്കു നിയമനം ലഭിക്കാന്‍ മൂന്ന് ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടു വച്ചത്.
ആറു മാസത്തിലേറെയായി താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്ന അടിസ്ഥാന തസ്തികകളില്‍ പിഎസ്സി റാങ്ക് ലിസ്റ്റ് വഴി നിയമനം നടത്തുക, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ഓഫിസ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുക, നൈറ്റ് വാച്ച്മാന്‍ തസ്തികയിലുള്ളവരുടെ ഡ്യൂട്ടിസമയം എട്ട് മണിക്കൂറാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
അതിനിടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കലക്ടറേിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പിന്നീട് ലാത്തിച്ചാര്‍ജും നടത്തി. ഡിസിസി പ്രസിഡന്റ് സിദ്ദിഖ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജില്ലാ പ്രസിഡന്റ് വി.ടി.നിഹാല്‍ അടക്കം പലര്‍ക്കും പരിക്കേറ്റു. പത്ര ഫോട്ടോഗ്രാഫര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് സമരത്തെ കാണുന്നതും ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.