ഫിലിപ്പീൻസിൽ നാശം വിതച്ച് ട്രാമി ചുഴലിക്കാറ്റ്; ദുരിതബാധിതർക്ക് അഭയ കേന്ദ്രമായി ദേവാലയങ്ങൾ

ഫിലിപ്പീൻസിൽ നാശം വിതച്ച് ട്രാമി ചുഴലിക്കാറ്റ്; ദുരിതബാധിതർക്ക് അഭയ കേന്ദ്രമായി ദേവാലയങ്ങൾ

മനില: വടക്ക് കിഴക്കൻ ഫിലിപ്പീൻസിലെ ഇസബെല പ്രവിശ്യയിൽ ആഞ്ഞടിച്ച ട്രാമി ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 40ലധികം പേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി.

ചുഴലിക്കാറ്റിൻ്റെ പ്രത്യാഘാതങ്ങൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയ കേന്ദ്രമായി കത്തോലിക്ക ദേവാലയങ്ങൾ മാറി. ഇരുപത്തിയഞ്ചിലധികം ഇടവകകളും സഭാസ്ഥാപനങ്ങളും ദുരിതബാധിതർക്കായി തുറന്നുക്കൊടുത്തു.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നൽകാൻ ഇടവകകളോടും സ്കൂളുകളോടും സ്ഥാപനങ്ങളോടും കാസെറസ് അതിരൂപത ആഹ്വാനം നൽകി. ലെഗാസ്‌പി രൂപതയിൽ, നിരവധി ഇടവക പള്ളികൾ വെള്ളത്തിനടിയിലായി. എന്നാൽ വെള്ളപ്പൊക്കമുണ്ടായിട്ടും, അവരുടെ ഇടവക കേന്ദ്രങ്ങളുടെ വാതിലുകൾ തുറന്നിട്ടുണ്ട്. പോളൻഗുയിയിലെ ഇടവക പള്ളിയിൽ മാത്രം മുന്നൂറോളം പേർക്ക് അഭയം നൽകിയിട്ടുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉൾപ്പെടെയുള്ള ഏറ്റവും ദുർബലരായ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വലിയ ആശ്വാസ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രദേശത്തെ ഇടവകകൾ.

അതേസമയം പ്രാദേശികമായി ക്രിസ്റ്റീൻ എന്നറിയപ്പെടുന്ന ട്രാമി പ്രധാന ദ്വീപായ ലുസോണിൽ കനത്ത മഴയാണ് സമ്മാനിച്ചത്. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. മണിക്കൂറിൽ 95 കി.മീ (59 മൈൽ) വേഗത്തിൽ സഞ്ചരിക്കുന്ന കൊടുങ്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങിയെന്ന് സംസ്ഥാന കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.

കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചിട്ടു. 163,000-ലധികം ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയതായി സിവിൽ ഡിഫൻസ് ഓഫീസ് അറിയിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തെ വിമാന സർവീസുകളും നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്. ഒരു ഡസൻ വിമാന സർവീസെങ്കിലും നിലവിൽ റദ്ദാക്കിയതായാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.