വില തകര്‍ച്ച ഭീകരം: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

 വില തകര്‍ച്ച ഭീകരം: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

പാലാ: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍. റബര്‍ വിലയിലുണ്ടായ തകര്‍ച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വം അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് അറുതി വരുത്തണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും റബര്‍ ബോര്‍ഡിന്റെയും അനങ്ങാപ്പാറ നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

അനിയന്ത്രിതമായ റബര്‍ ഇറക്കുമതി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സീഡി നല്‍കാന്‍ തയ്യാറാകത്തത് അത്യന്തം അപലപനീയമാണ്. റബര്‍ കര്‍ഷകരെ സഹായിക്കുന്ന കാര്യത്തില്‍ റബര്‍ ബോര്‍ഡ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും നിസംഗതയും അവസാനിപ്പിക്കണം. റബര്‍ വ്യവസായികള്‍ക്ക് വേണ്ടിയുള്ള അവിഹിത നീക്കങ്ങള്‍ അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് വേണ്ടി രാഷ്ട്രീയ കക്ഷികള്‍ നിലകൊണ്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കത്തോലിക്ക കോണ്‍സ് ഓര്‍മ്മപ്പെടുത്തി.

റബര്‍ കര്‍ഷകരെ തോല്‍പ്പിക്കാനായി ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി നടത്തി ടയര്‍ കമ്പനികള്‍ കര്‍ഷകരെ മനപൂര്‍വം തകര്‍ക്കുകയാണ്.
രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, ജോണ്‍സണ്‍ ചെറുവള്ളി, രാജേഷ് പാറയില്‍, ലിബി മണിമല, ജോസ് ജോസഫ് മലയില്‍, ബേബിച്ചന്‍ എടാട്ടു, വി. ടി ജോസഫ്, അജിത് അരിമറ്റം, ബെല്ലാ സിബി തുടങ്ങിയവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.