ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് അമേരിക്കയുടെ നിര്‍ദേശ പ്രകാരമല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു.
ടെല്‍ അവീവ്: മധ്യ ഇസ്രയേലിലെ സൈനിക പരിശീലന കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 33 പേര്‍ക്ക് പരിക്ക്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ അറിയിച്ചു.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പരിശീലന കേന്ദ്രത്തിന് സമീപമാണ് ദുരൂഹമായ അപകടമുണ്ടായിരിക്കുന്നത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും നിരവധി പേരുടെ നില ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരില്‍ 24 പേരെ റാബിന്‍ മെഡിക്കല്‍ സെന്ററിലേക്കും മറ്റുള്ളവരെ ടെല്‍ അവീവ് സൗരാസ്‌കി മെഡിക്കല്‍ സെന്റിലേക്കും മാറ്റി. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ബസ് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലെ യാത്രക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ടൂറിസ്റ്റ് സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിയന്ത്രണം വിട്ടെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കുമ്പോള്‍ ട്രക്കിനടിയില്‍ നിരവധി ആളുകള്‍ കുരുങ്ങി കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ അടക്കമുള്ള ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഹനങ്ങള്‍ക്കിടയിലും അടിയിലുമായി ആളുകള്‍ കുരുങ്ങി കിടക്കുകയാണ്. കൂട്ടിയിടിയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അദേഹത്തെ വെടിവെച്ചു കൊന്നാതയും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രയേലിന്റെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ ഇറാന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത് അമേരിക്കയുടെ നിര്‍ദേശ പ്രകാരമല്ലെന്നും ദേശീയ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അമേരിക്കന്‍ സമ്മര്‍ദ പ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേല്‍ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാര്‍ത്തകളെയും നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചു.
ഇറാന്റെ ആണവ മേഖലകളില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി അമേരിക്ക അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളില്‍ മാത്രമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘര്‍ഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.