അഭിഷേകമായി, കൃപയായി വചനമഴ; പെര്‍ത്ത് ബൈബിള്‍ കണ്‍വെന്‍ഷന് സമാപനം

അഭിഷേകമായി, കൃപയായി വചനമഴ; പെര്‍ത്ത് ബൈബിള്‍ കണ്‍വെന്‍ഷന് സമാപനം

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിവസത്തില്‍

പെര്‍ത്ത്: ദൈവീക അറിവുകള്‍ വിശ്വാസികളില്‍ ബോധ്യങ്ങളായി മാറണമെന്ന് പ്രമുഖ വചന പ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. ഓരോ വ്യക്തിയുടെയും ഉള്ളില്‍ വെളിപാടുകളും ബോധ്യങ്ങളും ഉണ്ടാകണം. വിശ്വാസ പരിശീലകര്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന അറിവുകള്‍ ബോധ്യങ്ങളായി മാറേണ്ടത് അനിവാര്യമാണ്. ഇത്തരം ബോധ്യങ്ങളുടെ കുറവാണ് വിശ്വാസ വഴിയിലെ തകര്‍ച്ചയ്ക്കു കാരണമാകുന്നതെന്ന് പെര്‍ത്തില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിവസത്തെ സന്ദേശത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു.



ദൈവീക രഹസ്യങ്ങള്‍ മനസിലാക്കാനായി ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ സ്വീകരിക്കാന്‍ വിശ്വാസ സമൂഹത്തിന് കഴിയണം. ദൈവം നമ്മുടെ സ്വന്തം അപ്പനാണെന്ന ബോധ്യം ഉള്ളില്‍ നിറയുമ്പോള്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടും. 'അവിടുത്തെ നാമം ഞാന്‍ അവര്‍ക്കു വെളിപ്പെടുത്തി' (യോഹന്നാന്‍: 17: 6). ദൈവം നമ്മുടെ പിതാവാണ്, സ്വന്തം അപ്പനാണ് എന്ന വെളിപാടിലേക്കും ആത്മീയ ബോധ്യത്തിലേക്കും ഒരു വ്യക്തി വളരുന്നതോടു കൂടി വിശ്വാസ വഴിയില്‍ സ്ഥിരതയുണ്ടാകും.

ഓസ്‌ട്രേലിയ രാജ്യത്തിനു വേണ്ടിയും വിശ്വാസ വഴിയിലേക്ക് ഈ രാജ്യം മടങ്ങി വരാനും ഓരോ വിശ്വാസിയും നിരന്തരം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ അഭ്യര്‍ത്ഥിച്ചു.


ഫാ. അനീഷ് ജെയിംസ് നന്ദി പറയുന്നു

'ഞാന്‍ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായി യത്‌നിക്കുവിന്‍; അവയ്ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. നിങ്ങളുടെ ക്ഷേമം അവയുടെ ക്ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്' - ജെറെമിയ, ഇരുപത്തൊന്‍പതാം അദ്ധ്യായം ഏഴാം വാക്യവും വിചിന്തനത്തിനായി തെരഞ്ഞെടുത്തു.

'എല്ലാവരും അന്വേഷിക്കുന്നത് സ്വന്തം കാര്യമാണ്. യേശുക്രിസ്തുവിന്റെ കാര്യമല്ല' - ഫിലിപ്പിയര്‍ 2:21 എന്ന വചനവും വിചിന്തനം ചെയ്തു.



കഴിഞ്ഞ 25-ന് ആരംഭിച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച വൈകിട്ടാണ് സമാപിച്ചത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഞായറാഴ്ച്ച രാവിലെ ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക അസി. വികാരി ഫാ. ബിബിന്‍ വേലംപറമ്പില്‍ നേതൃത്വം നല്‍കി. സമാപനത്തില്‍ ഇടവക വികാരി ഫാ. അനീഷ് ജെയിംസ് നന്ദി പറഞ്ഞു. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ സംസാരിച്ചു.

മൂന്നു ദിവസം നീണ്ടു നിന്ന ബൈബിള്‍ കണ്‍വെന്‍ഷന് ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രി പെര്‍ത്ത് കോര്‍ഡിനേറ്റര്‍ സോജി ആന്റണി, കൈക്കാരന്മാരായ ബെന്നി ആന്റണി, ജോജി ജോസഫ്, മരിയ ആല്‍ബര്‍ട്ട്, നോയല്‍ ദേവസ്യ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: ബിജു പെര്‍ത്ത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.