ജറുസലേം: ഇറാന്റെ തിരിച്ചടി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ മന്ത്രിസഭ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബിറ്റിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ജറുസലേമിലെ സര്‍ക്കാര്‍ സമുച്ചയത്തില്‍ സുരക്ഷിതമായ ഭൂഗര്‍ഭ കേന്ദ്രത്തിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
ഇസ്രയേലിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികള്‍ ശക്തമായതിനാലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ കഴിഞ്ഞയാഴ്ച ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയ സാഹചര്യത്തിലുമായിരുന്നു ഭൂഗര്‍ഭ കേന്ദ്രത്തില്‍ മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ലൊക്കേഷനുകള്‍ മാറിമാറിയായിരിക്കും മന്ത്രിസഭാ യോഗം ചേരുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂഗര്‍ഭ കേന്ദ്രത്തില്‍ മന്ത്രിസഭാ യോഗം ചേരാനുനുള്ള തീരുമാനം രാവിലെ മാത്രമാണ് മന്ത്രിമാരെ അറിയിച്ചത്. സ്ഥല പരിമിതി മൂലം മന്ത്രിസഭാ യോഗം നടക്കുന്നിടത്തേയ്ക്ക് മന്ത്രിമാരുടെ ഉപദേശകരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.
ഈ മാസം ആദ്യം സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഹിസ്ബുള്ള വിക്ഷേപിച്ച മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം റോഷ് ഹനിക്ര, നഹാരിയ എന്നിവിടങ്ങളില്‍ വെച്ച് ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. എന്നാല്‍ മൂന്നാമത്തെ ഡ്രോണ്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനുനേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ ഇറാന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ ഭീഷണി. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
കയ്‌പേറിയ അനന്തര ഫലങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മേധാവി ഹുസൈന്‍ സലാമിയുടെ ഭീഷണി. ലഭ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിച്ചായിരിക്കും പ്രത്യാക്രമണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗേയിയും മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.