ഷെയ്ക്ക് നയീം ഖാസിം ഹിസ്ബുള്ളയുടെ പുതിയ തലവന്‍

 ഷെയ്ക്ക് നയീം ഖാസിം ഹിസ്ബുള്ളയുടെ പുതിയ തലവന്‍

ബെയ്‌റൂട്ട്: ലെബനനനിലെ ഇസ്ലാമിക സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവനായി ഷെയ്ക്ക് നയീം ഖാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയായി ഷെയ്ക്ക് നയീം ഖാസിം എത്തുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ചു വരുന്ന മുതിര്‍ന്ന നേതാവായ നയീം ഖസിം നസ്രള്ള കഴിഞ്ഞാല്‍ നേതൃത്വത്തിലെ രണ്ടാമനാണ്. നസ്രള്ളയുടെ മരണത്തെ തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു വരികയായിരുന്നു എഴുപത്തിയൊന്നുകാരനായ ഷെയ്ഖ് നയീം ഖാസിം.

അതിനു മുന്‍പ് 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു. ഹിസ്ബുള്ളയിലെ ഉയര്‍ന്ന തീരുമാനമെടുക്കല്‍ സമിതിയായ ശൂറാ കൗണ്‍സില്‍ ചേര്‍ന്ന് നയീം ഖാസിമിനെ സെക്രട്ടറി ജനറലായി തിരഞ്ഞടുത്തതായി ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു.

നസ്രള്ളയ്ക്ക് പകരക്കാരനായി നയീം ഖാസിമിന് പുറമെ ഹിസ്ബുള്ളയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവന്‍ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നസ്രള്ളയുടെ ബന്ധുകൂടിയാണ് സഫീദ്ദീന്‍.

ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചിക്കുന്ന നയീം ഖാസിം നബാത്തി ഗവര്‍ണറേറ്റിലെ ക്ഫാര്‍ കില എന്ന തെക്കന്‍ ലെബനീസ് ഗ്രാമത്തില്‍ നിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953 ല്‍ ബെയ്റൂട്ടിലായിരുന്നു ജനനം.

സെപ്റ്റംബര്‍ 28 ന് ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തിലാണ് ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചത്. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. 1982 ല്‍ ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു ഹസന്‍ നസ്രള്ള.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.