കൊച്ചി: സഭാ ശുശ്രൂഷകളില്‍ അല്‍മായരും അല്‍മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് കോതമംഗലം രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
സീറോ മലബാര്‍ സഭയുടെ പുനസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്‍മായ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ ഓര്‍മ്മിപ്പിച്ചു.
പൊതുസമൂഹത്തില്‍ ജീവനും ജീവിതവും പരിരക്ഷിക്കപ്പെടണമെന്നും മനുഷ്യ ജീവനെതിരായി വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരേ തീക്ഷ്ണതയോടെ പ്രതികരിക്കാനും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മനുഷ്യ മനസാക്ഷിയെ ഉണര്‍ത്താനും അല്‍മായ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും കഴിയണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ അംഗം മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിപ്രായപ്പെട്ടു.
സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടര്‍മാരായ റവ.ഡോ. ലോറന്‍സ് തൈക്കാട്ടില്‍, റവ.ഡോ. ഡെന്നി താണിക്കല്‍, ഫാ. മാത്യു ഓലിക്കല്‍, അല്‍മായ നേതാക്കളായ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, മാതൃവേദി ഗ്ലോബല്‍ പ്രസിഡണ്ട് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, പ്രോലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് എന്നിവര്‍ സഭയെയും അല്‍മായരെയും സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.
സിനഡല്‍ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. ആന്റണി മൂലയില്‍ സ്വാഗതവും അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.