ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷ ഏറ്റെടുക്കൽ ചടങ്ങിലാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. രാവിലെ 8.45ന് അരമനയിൽ നിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രൽ ദേവാലയത്തിൽ എത്തി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി.
ആർച്ച് ബിഷപ് മാർ ജോസഫ് പെരൂന്തോട്ടം സ്വാഗതം ആശംസിച്ചു. ഇത്രയും കാലം സഭയും സമൂഹവും നൽകിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിർവദിച്ചു, അംശവടി അടക്കമുള്ള സ്ഥാന ചിഹ്നങ്ങൾ കൈമാറി. തുടർന്ന് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു. തുടർന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികർ എത്തി അദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സ്ഥാനമേറ്റ ശേഷം മാർ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നൽകി. സ്ഥാനം ഏറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാൻമാർ അനുമോദിച്ചു. വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോ പോള്‍ദോ ജിറേല്ലി ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു.
ചങ്ങനാശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്. 17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനായി മാര്‍ തോമസ് തറയിലിനെ നിയമിച്ചത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.