ആര്‍ക്കും വേണ്ട! പാക് വിമാന കമ്പനിക്ക് ലേലത്തില്‍ ലഭിച്ചത് തുച്ഛമായ വില; ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി

ആര്‍ക്കും വേണ്ട! പാക് വിമാന കമ്പനിക്ക് ലേലത്തില്‍ ലഭിച്ചത് തുച്ഛമായ വില; ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി

ഇസ്ലാമാബാദ്: ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ സ്വകാര്യവല്‍കരിക്കാനുള്ള പാക് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. കടക്കെണിയിലായ വിമാനക്കമ്പനിയുടെ ഓഹരികള്‍ ലേലത്തില്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ഒരേയൊരു കമ്പനി മാത്രം. റിയല്‍ എസ്റ്റേറ്റ് വികസന സ്ഥാപനമായ ബ്ലൂ വേള്‍ഡ് സിറ്റി വിമാനകമ്പനിയുടെ 60 ശതമാനം ഓഹരികള്‍ക്ക് വെറും 10 ബില്യണ്‍ പികെആര്‍ മാത്രമാണ് വാഗ്ദാനം ചെയ്തത്. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വിലയായ 85 ബില്യണ്‍ പികെആറിനും താഴെയാണിത്.

ഇസ്ലാമാബാദിലെ ഒരു ഹോട്ടലില്‍ നടന്ന ലേല ചടങ്ങുകള്‍ പാക് സര്‍ക്കാര്‍ നടത്തുന്ന പിടിവി ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കടമെടുപ്പിന്റെ ഭാഗമായി പാകിസ്ഥാന് ഏഴ് ബില്യണ്‍ ഡോളര്‍ നല്‍കാന്‍ അന്താരാഷ്ട്ര നാണയനിധി സമ്മതിച്ചിരുന്നു. ഈ കരാറിന്റെ ഭാഗമായാണ് സര്‍ക്കാരിന് കീഴില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെയെല്ലാം വില്‍ക്കാനുള്ള പാകിസ്ഥാന്റെ നീക്കം.

ജൂണില്‍ ആറ് സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളെ ലേലത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്ലൂ വേള്‍ഡ് സിറ്റി മാത്രമാണ് അന്തിമ ലേല പ്രക്രിയയില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ മിനിമം ലേലത്തുകയുമായി പൊരുത്തപ്പെടാന്‍ സ്വകാര്യവല്‍ക്കരണ കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി ഇതിന് തയാറായില്ല.

പാകിസ്ഥാന്‍ വിമാനകമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഉള്ളത്. കമ്പനിയില്‍ ഏകദേശം 7,100 ജീവനക്കാരുമുണ്ട്. 2,400 ലധികം പേര്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. വിമാനങ്ങള്‍ പലതും പഴക്കം ചെന്നതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.