ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ നേട്ടം

ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ നേട്ടം

മുംബൈ: ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ നേട്ടം. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ 901 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,378 പോയിന്റിലാണ് സെന്‍സെക്‌സില്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

ദേശീയ സൂചിക നിഫ്റ്റിയിലും നേട്ടമുണ്ടായി. നിഫ്റ്റി 311 പോയിന്റ് ഉയര്‍ന്നു. 24,525 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി ഓഹരികളുടെ ഉയര്‍ച്ചയാണ് നിഫ്റ്റിക്ക് ഗുണകരമായത്. ഐ.ടി ഇന്‍ഡക്‌സ് നാല് ശതമാനമാണ് ഉയര്‍ന്നത്. ടി.സി.എസ്, എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരി വില ഉയര്‍ന്നു.

യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ജയിച്ചത് യു.എസ് വിപണികള്‍ക്ക് താല്‍ക്കാലികമായെങ്കിലും കരുത്താകും. ഇത് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുകയായിരുന്നു. ഡോളര്‍ കരുത്താര്‍ജിക്കാനുള്ള സാധ്യത ഐ.ടി സ്റ്റോക്കുകള്‍ക്ക് ഗുണകരമായി. കോര്‍പ്പറേറ്റ് ടാക്‌സില്‍ ഇളവ് വരുത്തുന്നതാണ് ട്രംപിന്റെ നയം. 21 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി കോര്‍പ്പറേറ്റ് ടാക്‌സ് ട്രംപ് കുറക്കാനുള്ള സാധ്യതയുണ്ട്. ഇതും യു.എസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് ഗുണകരമാണ്.

യു.എസ് വിപണിയില്‍ ടെസ്‌ല പോലുള്ള ഓഹരികള്‍ക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ട്രംപിന്റെ ഭരണകാലത്ത് നിഫ്റ്റിയില്‍ 38 ശതമാനം നേട്ടമുണ്ടായിരുന്നു. നാസ്ഡാക് 77 ശതമാനവും ഡൗജോണ്‍സ് 45 ശതമാനവും നേട്ടം രേഖപ്പെടുത്തിയിരുന്നു. സമാനമായ നേട്ടം ഇക്കുറിയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.