അമേരിക്കൻ പ്രസിഡന്റായി ട്രംപ് ജനുവരി 20ന് അധികാരമേല്‍ക്കും; പുതിയ കാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നടപടി ആരംഭിച്ചു

അമേരിക്കൻ പ്രസിഡന്റായി ട്രംപ് ജനുവരി 20ന് അധികാരമേല്‍ക്കും; പുതിയ കാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നടപടി ആരംഭിച്ചു

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപ് പുതിയ കാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആലോചനകൾ തുടങ്ങി. ജനുവരി 20 നാണ് ട്രംപ് അധികാരമേൽക്കുക എന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം 17ന് ഇലക്ടറല്‍ കോളജ് അംഗങ്ങൾ പുതിയ പ്രസിഡന്‍റിനായി വോട്ട് രേഖപ്പെടുത്തും. ജനുവരി ആറിന് യുഎസ് കോൺഗ്രസ് ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.

ഫ്ലോറിഡയിലെ പാം ബീച്ച് റിസോർട്ടിൽ ട്രംപ് വിവിധ കമ്പനി സിഇഒമാരുമായും തന്‍റെ കാമ്പയിൻ മാനേജരുമായും കൂടിക്കാഴ്ച നടത്തി. ആരാകണം പുതിയ കാബിനറ്റ് അംഗങ്ങൾ എന്നതിലും ട്രംപ് ആലോചന തുടങ്ങി. സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് ആരെയാകും ട്രംപ് നിയോഗിക്കുക എന്ന് കാത്തിരിക്കുകയാണ് ലോകം.

ട്രംപിനെ സംബന്ധിച്ച് ഇത് ഉജ്ജ്വല വിജയമാണ്. കാരണം സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. സുപ്രീം കോടതിയിൽ ജഡ്ജിമാരിൽ ഭൂരിപക്ഷവും ട്രംപ് അനുകൂലികളാണ്. ഇക്കാര്യങ്ങൾ എല്ലാം അദേഹത്തെ സംബന്ധിച്ച് അങ്ങേയറ്റം ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ്.

294 ഇലക്ടറൽ വോട്ടാണ് ട്രംപ് ഇതുവരെ നേടിയത്. കമല ഹാരിസിന് ലഭിച്ചിരിക്കുന്നത് 223 ആണ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമാണ് വിജയത്തിന്റെ പ്രധാന കാരണം. ആളുകളെ നേരിട്ട് ബാധിച്ചിരുന്ന ബൈഡൻ്റെ സാമ്പത്തിക നയങ്ങൾക്ക് എതിരെയുള്ള ഒരു വിധി കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം.

അധികാരത്തിലിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ട്രംപ്. ഗ്രോവർ ക്ലീവ്‌ലാൻഡായിരുന്നു ഇത്തരത്തിലുള്ള ആദ്യ വ്യക്തി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റ് കൂടിയാണ് ട്രംപ്.

തനിക്കെതിരായ രണ്ട് വധശ്രമങ്ങളെ അതിജീവിച്ച് മാസങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ആ വധശ്രമത്തെ അദേഹം കൈകാര്യം ചെയ്ത രീതി ആളുകളെ ആരാധകരാക്കി. പ്രതിസന്ധിയിൽ പോരാട്ട വീര്യം കാട്ടുന്ന ഒരു പോരാളിയെ ജനങ്ങൾ ട്രംപിൽ കണ്ടു.

2016-ലെ തൻ്റെ ആദ്യത്തെ വിജയകരമായ വൈറ്റ് ഹൗസ് കാലം മുതൽ ട്രംപ് തൻ്റെ പ്രതിച്ഛായയിൽ റിപ്പബളിക്കൻ പാർട്ടിയെ പുനർനിർമിച്ചു. അതിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.