അമേരിക്കയെ കാക്കാന്‍ ഇന്ത്യന്‍ വംശജന്‍? ട്രംപിന്റെ വിശ്വസ്തന്‍ കശ്യപ് പ്രമോദ് സിഐഎ തലവനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്കയെ കാക്കാന്‍ ഇന്ത്യന്‍ വംശജന്‍? ട്രംപിന്റെ വിശ്വസ്തന്‍ കശ്യപ് പ്രമോദ് സിഐഎ തലവനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കു വീണ്ടുമെത്തിയ ഡൊണാള്‍ഡ് ട്രംപ് ആരെയൊക്കെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കും എന്നാണ് അമേരിക്കന്‍ ജനത ഉറ്റുനോക്കുന്നത്. തന്റെ രണ്ടാം വരവില്‍ ഉന്നത പദവിയില്‍ നിയമിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ വംശജന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇന്ത്യന്‍ വേരുകളുള്ള കശ്യപ് പട്ടേല്‍ എന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കശ്യപ് പ്രമോദ് എന്ന കാഷ് പട്ടേല്‍. ട്രംപിന്റെ വിശ്വസ്തന്‍ എന്നാണ് പട്ടേലിനെ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ആദ്യ അവസരത്തില്‍ അടിക്കടി സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്‍. ട്രംപിന്റെ രണ്ടാം വരവിലും കാഷ് പട്ടേല്‍ സുപ്രധാന സ്ഥാനത്തെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കാഷ് പട്ടേലിനെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ (സി.ഐ.എ) തലവനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പല കോണില്‍ നിന്നും സി.ഐ.എയുടെ തലവനായി കാഷ് പട്ടേലിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിന് സെനറ്റ് അംഗീകാരം അത്യാവശ്യമാണ്. സെനറ്റ് വോട്ടില്‍ കാഷ് പട്ടേല്‍ പിന്തള്ളപ്പെട്ടാല്‍ അദ്ദേഹത്തിന് ദേശീയ സുരക്ഷാ കൗണ്‍സിലില്‍ സ്ഥാനം നല്‍കാനാണ് സാധ്യത.

ട്രംപിന്റെ ആദ്യ അവസരത്തില്‍ പ്രതിരോധം, രഹസ്യാന്വേഷണം അടക്കമുള്ള ഉന്നതതലങ്ങളില്‍ കാഷ് പ്രവര്‍ത്തിച്ചിരുന്നു.

കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുള്ള കുടുംബമാണ് കാഷ് പട്ടേലിന്റേത്. ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് കശ്യപിന്റെ ജനനം.

സി.ഐ.എയുടെ അടുത്ത ഡയറക്ടറായി പട്ടേലിനെ നിയമിക്കുന്നതിനായി നിരവധി ട്രംപ് സഖ്യകക്ഷികള്‍ പിന്തുണച്ചിട്ടുണ്ട്. എന്നിരുന്നാലും സെനറ്റ് സ്ഥിരീകരണത്തോടെ മാത്രമേ നിയമനം അന്തിമമാക്കാന്‍ കഴിയൂ.

ആദ്യ ട്രംപ് ഗവണ്‍മെന്റിന്റെ കാലത്ത് നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടറുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച അദ്ദേഹം 17 ഇന്റലിജന്‍സ് കമ്മ്യൂണിറ്റി ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചു. കൊലപാതകം, മയക്കുമരുന്ന് കടത്ത് മുതല്‍ വിപുലമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വരെ സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ അന്വേഷിക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് പട്ടേല്‍.

അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ്, മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ വിജയകരമായി വിചാരണ ചെയ്യുന്നതിന് പട്ടേല്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. നീതിന്യായ വകുപ്പില്‍ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.