കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ആര്‍ഭാടത്തിന്റെ തെളിവുകള്‍ പുറത്ത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഉദ്യോഗസ്ഥര്‍ നല്‍കിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് പുറത്തു വന്നിരിക്കുന്നത്. ദിവസം 4000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
48 ദിവസത്തേക്ക് ഇയാള്‍ താമസിച്ചതിന്റെ വാടക 1,92,000 രൂപയാണ്. ദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരു മാസം 6000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം. നിരവധി മനുഷ്യരുടെ ജീവന്‍ അപഹരിച്ച ദുരന്തം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഘോഷിക്കുകയാണെന്ന ആക്ഷേപവും ഇതോടെ ഉയരുന്നു.
തിരുവനന്തപുരത്ത് നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തിയത് മുതല്‍ താമസിക്കുന്നത് പ്രതിദിനം 4500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇത് വരെയുള്ള വാടക ഇനത്തില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ പ്രത്യേക ജോലിയൊന്നുമില്ലെന്നാണ് ആരോപണം.
6000 രൂപ മാസ വാടക തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിന് പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐഎഎസുകാര്‍ ഉള്‍പ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മാറാനായി നല്‍കിയിട്ടുള്ളത്.
മാത്രമല്ല നിലവില്‍ വൈകുന്നേരങ്ങളില്‍ കളക്ടറുടെ ചേമ്പറില്‍ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ കളിചിരി വേദിയാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. കളക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് എത്തിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാര്‍ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്.
ഇപ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി നിരവധിയാളുകള്‍ കളക്ടറേറ്റില്‍ കയറി ഇറങ്ങുമ്പോഴാണ് ഈ സാഹചര്യം. ഇവര്‍ക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഒരു ഫോമില്‍ പരാതി എഴുതി വാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് നിലവിലെ അവസ്ഥ പുറത്തുവരാന്‍ കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.