തിരുവനന്തപുരം: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇന്നലെയായിരുന്നു സംഭവം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍ നിന്ന്‌വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും കേടുവന്നതുമായ ഭക്ഷ്യധാന്യങ്ങളും പഴഞ്ചന്‍ വസ്ത്രങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചു. അതേസമയം സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.