'ഞങ്ങൾ പറഞ്ഞ് അറിയിക്കാനാകാത്ത കഷ്ടപ്പാടുകളിൽ'; നൈജീരിയയിൽ ഒറ്റ രൂപതയിൽ മാത്രം 15ലധികം ഇടവകകൾ ആക്രമണ ഭീഷണിയെ തുടർന്ന് അടച്ചുപൂട്ടിയെന്ന് ബിഷപ്പ്

'ഞങ്ങൾ പറഞ്ഞ് അറിയിക്കാനാകാത്ത കഷ്ടപ്പാടുകളിൽ'; നൈജീരിയയിൽ ഒറ്റ രൂപതയിൽ മാത്രം 15ലധികം ഇടവകകൾ ആക്രമണ ഭീഷണിയെ തുടർന്ന് അടച്ചുപൂട്ടിയെന്ന് ബിഷപ്പ്

അബുജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ കുതിച്ചുയരുന്നു. വർധിച്ചുവരുന്ന ആക്രമണങ്ങൾ കാരണം തന്റെ രൂപതയിലെ 15 ലധികം ഇടവകകൾ അടച്ചുപൂട്ടിയെന്ന് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. ആഫ്രിക്കയിലെ കോൺസെക്രറ്റഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

മകുർദി രൂപതയിൽ ഇപ്പോൾ ഏകദേശം 14 മുതൽ 15 ഇടവകകൾ നഷ്ടപ്പെട്ടു. അരക്ഷിതാവസ്ഥയുടെ പേരിൽ ഇടവകകൾ അടച്ചിടുന്നത് ഒട്ടുക്പോ രൂപതയിലും കത്സിന - അലാ രൂപതയിലും കാണുന്നുണ്ടെന്നും അനഗ്ബെ വ്യക്തമാക്കി. രണ്ടും നൈജീരിയയിലെ സംഘർഷബാധിത പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

രാജ്യത്ത് കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും നിരന്തരമായ റിപ്പോർട്ടുകളിലും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. കൊലപാതകങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും കുറിച്ച് നമ്മൾ ദിവസവും കേൾക്കുന്നുണ്ട്. നൈജീരിയയിലെ അധികാരികൾ ആവശ്യമായ കാര്യങ്ങൾ ചെയ്യണം. ഞങ്ങൾ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകളിൽ അകപ്പെട്ടിരിക്കുന്നു. മകുർദിയിൽ മാത്രമല്ല രാജ്യം മുഴുവനും സംഘർഷാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ നിലവിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്. കർഷകർക്ക് അവരുടെ ഫാമുകളിലേക്ക് മടങ്ങാനും ഭക്ഷണം ഉൽപാദിപ്പിക്കാനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചെന്നും ബിഷപ്പ് അനഗ്ബെ കുറ്റപ്പെടുത്തി.

ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ ദീർഘകാലം അടച്ചുപൂട്ടുന്നത് ഭാവിയിലെ കൊള്ളക്കാരുടെയും തീവ്രവാദികളുടെയും ഒരു തലമുറയെ സൃഷ്ടിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലെ സ്‌കൂളുകൾ പത്ത് വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നമ്മൾ ഇപ്പോൾ വളർത്തുന്നത് നമ്മുടെ ഗ്രാമങ്ങളിൽ ഭാവിയിലെ കൊള്ളക്കാരുടെയും ഭീകരരുടെയും ഒരു കൂട്ടമാണ്. കാരണം കുട്ടികൾക്കിപ്പോൾ വിദ്യാഭ്യാസവും രൂപീകരണവുമില്ല. ഈ വൃത്തികെട്ട പ്രവണത തടയാൻ സർക്കാർ പ്രവർത്തിക്കണമെന്നും ബിഷപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.