ഹൈദരാബാദ് : ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഇന്ന് സ്ഥാനമേൽക്കും. ബാലാപുരിലെ ബിഷപ്സ് ഹൗസിൽ പ്രത്യേകം സജ്ജീകരിക്കപ്പെട്ട വേദിയിലാണ് സ്ഥാനാരോഹണച്ചടങ്ങുകൾ. ആഘോഷമായ വിശുദ്ധ കുർബാനയും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുള്ള ഒഴിവിലാണ് അദിലാബാദ് ബിഷപ്പായിരുന്ന മാർ പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി നിയമിതനായത്.
സ്ഥാനാരോഹണ തിരുക്കർമങ്ങൾക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. സ്ഥാനമേറ്റശേഷം മാർ പ്രിൻസ് ആന്റണി വിശുദ്ധ കുർബാന അർപ്പിക്കും. സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചന സന്ദേശം നൽകും.
മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ
തൃശൂർ അതിരൂപതയിലെ അരിമ്പൂർ സെൻ്റ് ആൻ്റണീസ് ഇടവകയിൽ പി.ജെ ദേവസിയുടെയും എ. എം കൊച്ചുത്രേസ്യായുടെയും രണ്ടാമത്തെ മകനായി 1977 മാർച്ച് 13 നാണ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സി.എം.ഐ സന്ന്യാസ സമൂഹത്തിൽ പരിശീലനം ആരംഭിച്ചു.
നോവിഷ്യേറ്റ് പഠനം പൂർത്തിയാക്കിയ ശേഷം അദിലാബാദ് രൂപതയ്ക്ക് വേണ്ടി വൈദിക പരിശീലനം തുടർന്നു. ബാംഗ്ലൂരിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്ന് തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി.
2007 ഏപ്രിൽ 25ന് മാർ ജോസഫ് കുന്നത്ത് പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച അദേഹം കത്തീഡ്രൽ അസി. വികാരി, ഡാലിഗാൺ മിഷൻ സ്റ്റേഷൻ പ്രീസ്റ്റ് ഇൻ ചാർജ് എന്നീ നിലകളിൽ അജപാലന ശുശ്രൂഷകൾ ചെയ്‌തു. ഉപരിപഠനത്തിനായി റോമിലേക്ക് അയ്ക്കപ്പെട്ട അദേഹം റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. പിന്നീട് രൂപതയിൽ തിരിച്ചെത്തിയ അദേഹം 2015 ഒക്ടോബർ 29 ന് അദിലാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.