മുംബൈ: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇന്ത്യയില്‍ ആക്ടിങ് കോണ്‍സിലിനെ നിയമിച്ചതായി താലിബാന്‍ നിയന്ത്രണത്തിലുള്ള മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇക്രാമുദ്ദീന്‍ കാമിലിനെ മുംബൈയിലെ ആക്ടിംഗ് കോണ്‍സലായി നിയമിച്ചെന്നാണ് താലിബാന്റെ പ്രഖ്യാപനം. താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് നിയമനം സ്ഥിരീകരിച്ചതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
'മുംബൈയിലെ ഇസ്ലാമിക് എമിറേറ്റിന്റെ ആക്ടിംഗ് കോണ്‍സല്‍' ആയി കാമിലിന്റെ നിയമനം സ്ഥിരീകരിച്ചതായി വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് താലിബാന്‍ നിയന്ത്രണത്തിലുള്ള ബക്തര്‍ വാര്‍ത്താ ഏജന്‍സി (ബിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യയോ അന്താരാഷ്ട്ര സമൂഹമോ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയും അഫ്ഗാനുമായി ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, മാനുഷിക വിഷയങ്ങളില്‍ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ട്.
അഫ്ഗാന്‍ ഇന്ത്യയില്‍ സ്വന്തം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മുമ്പ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. അതിനിടെയാണ് മുംബൈയില്‍ കോണ്‍സല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നത്.
വിദ്യാര്‍ത്ഥിയെന്നാണ് കാമിലിന് നല്‍കിയിരിക്കുന്ന വിശേഷണം. ഏഴ് വര്‍ഷത്തോളമായി പഠനാവശ്യങ്ങള്‍ക്കായി കാമില്‍ ഇന്ത്യയില്‍ താമസിച്ചുവരികയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരത്തെ പരിചയമുള്ള വ്യക്തിയായതിനാല്‍ അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിക്കാന്‍ കാമില്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാമില്‍ ഇപ്പോള്‍ മുംബൈയിലാണെന്നും ഇസ്ലാമിക് എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം തന്റെ ചുമതലകള്‍ നിറവേറ്റുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. അന്താരാഷ്ട്ര നിയമത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ കാമില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ സഹകരണ, അതിര്‍ത്തികാര്യ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021 ഓഗസ്റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ ഇന്ത്യ അകലം പാലിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ അവിടം വിടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.