പൊലീസിന് 39% ശമ്പള വര്‍ധന; നഴ്‌സുമാര്‍ക്ക് 15% പോലുമില്ല; ന്യൂ സൗത്ത് വെയില്‍സില്‍ അരലക്ഷത്തോളം നഴ്സുമാരും മിഡ്വൈഫുമാരും പണിമുടക്കി

പൊലീസിന് 39% ശമ്പള വര്‍ധന; നഴ്‌സുമാര്‍ക്ക് 15% പോലുമില്ല; ന്യൂ സൗത്ത് വെയില്‍സില്‍ അരലക്ഷത്തോളം നഴ്സുമാരും മിഡ്വൈഫുമാരും പണിമുടക്കി

സിഡ്‌നി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സില്‍ അരലക്ഷത്തോളം നഴ്സുമാരും മിഡ്വൈഫുമാരും 24 മണിക്കൂര്‍ പണിമുടക്കി സമരം നടത്തി. 15 ശതമാനം ശമ്പള വര്‍ധനയാണ് എന്‍.എസ്.ഡബ്ല്യൂ നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് അസോസിയേഷന്റെ ആവശ്യം. സമരം മൂലം ആരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. എഴുന്നൂറോളം ശസ്ത്രക്രിയകള്‍ മുടങ്ങുമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്കുകള്‍.

വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് നഴ്‌സുമാരാണ് സിഡ്നിയിലെ സിബിഡിയിലൂടെ മാര്‍ച്ച് നടത്തിയത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിഷനുമായി നടത്തിയ നാലാഴ്ചത്തെ ചര്‍ച്ചകളിലും ഒരു കരാറിലെത്താന്‍ കഴിയാതെ വന്നതോടെയാണ് നഴ്‌സുമാര്‍ തെരുവിലിറങ്ങിയത്. പൊതുജനാരോഗ്യ സംവിധാനത്തെ സ്തംഭിപ്പിച്ചുള്ള സമരത്തെതുടര്‍ന്ന് സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അധ്യാപകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചത് പോലെ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. പൊലീസ് സേനയ്ക്ക് 39 ശതമാനം ശമ്പള വര്‍ധനയാണ് സര്‍ക്കാര്‍ ഈയിടെ നടപ്പാക്കിയത്. അതേസമയം, 15 ശതമാനം ശമ്പള വര്‍ധനയ്ക്കുള്ള നഴ്സിങ് യൂണിയന്റെ ആവശ്യം സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ സംസ്ഥാന പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.

ഉയര്‍ന്ന ജീവിതച്ചെലവും മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വേതനവും ചൂണ്ടിക്കാട്ടിയാണ് നഴ്സ് ആന്‍ഡ് മിഡ്വൈവ്സ് യൂണിയന്‍ അടിയന്തരമായി 15% വേതന വര്‍ധന ആവശ്യപ്പെടുന്നത്.

സെപ്റ്റംബറില്‍ സമാനമായ 12 മണിക്കൂര്‍ സമരത്തില്‍ 520 ശസ്ത്രക്രിയയില്‍ മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ശമ്പള വര്‍ധന കോടിക്കണക്കിന് രൂപയുടെ അധിക ചെലവുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.