ക്യൂബൻ കുടിയേറ്റക്കാരുടെ മകൻ ഇനി ട്രംപ് ക്യാബിനറ്റിലെ വിദേശകാര്യ സെക്രട്ടറി; അറിയാം കത്തോലിക്ക വിശ്വാസിയായ മാർക്കോ റൂബിയോയെ

ക്യൂബൻ കുടിയേറ്റക്കാരുടെ മകൻ ഇനി ട്രംപ് ക്യാബിനറ്റിലെ വിദേശകാര്യ സെക്രട്ടറി; അറിയാം കത്തോലിക്ക വിശ്വാസിയായ മാർക്കോ റൂബിയോയെ

വാഷിങ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാമ്പിനറ്റിൽ ഇടംപിടിച്ച ഫ്‌ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാർക്കോ റൂബിയോ കത്തോലിക്ക വിശ്വാസി. പുതിയ വിദേശകാര്യ സെക്രട്ടറിയായാണ് ട്രംപ് മാർക്കോ റൂബിയോയെ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യത്തിനുള്ള ശക്തമായ ശബ്ദവും എതിരാളികളോട് ഒരിക്കലും പിൻമാറാത്ത ഭയരഹിതനായ യോദ്ദാവുമാണ് റൂബിയോയെന്ന് ട്രംപ് പറഞ്ഞിരുന്നു.

1971 ൽ മിയാമിയിൽ ക്യൂബൻ കുടിയേറ്റക്കാരുടെ മകനായാണ് മാർക്കോ റൂബിയോ ജനിച്ചത്. സാധാരണ ജോലിക്കാരുടെ മകനായിരുന്ന റൂബിയോ വിശ്വാസം, കുടുംബം, സമൂഹം, മാന്യമായ ജോലി എന്നിവയുടെ പ്രാധാന്യം ചെറുപ്പം മുതലേ പഠിച്ചിരുന്നു. 1984 ൽ റൂബിയോ ആദ്യ കുർബാന സ്വീകരിച്ചു. ജീനറ്റ് ഡൗസ്‌ഡെബസാണ് ഭാര്യ. നാല് കുട്ടികളുണ്ട്.

ദൈവശാസ്ത്രപരമായ വിഷയത്തിൽ റോമൻ കത്തോലിക്കാ സഭയുമായി പൂർണ്ണമായും യോജിക്കുന്നുണ്ടെന്ന് 2016 ൽ റൂബിയോ വ്യക്തമാക്കിയിരുന്നു. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ നിന്നും യൂണിവേഴ്‌സിറ്റി ഓഫ് മിയാമി ലോ സ്‌കൂളിൽ നിന്നും ബിരുദം നേടിയ ശേഷം റൂബിയോ സിറ്റി കമ്മിഷണറായും പിന്നീട് ഫ്ലോറിഡ പ്രതിനിധി സഭയുടെ സ്‌പീക്കറായും സേവനമനുഷ്‌ഠി ച്ചു. 2010ൽ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വിദേശ ബന്ധങ്ങളിലും രഹസ്യാന്വേഷണ സമിതികളിലും മുതിർന്ന അംഗമായി പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് മാർക്കോ റൂബിയോ. ചൈനയെക്കുറിച്ചുള്ള കടുത്ത വീക്ഷണങ്ങൾക്കും ഇസ്രയേലിനുള്ള ഉറച്ച പിന്തുണയ്ക്കും പേരുകേട്ട വ്യക്തികൂടിയാണ് റൂബിയോ.

പുതിയ അമേരിക്കൻ ഭരണകൂടത്തിൻ്റെ കടുത്ത വിദേശ നയങ്ങളുടെ ആദ്യ സൂചനയാണ് റൂബിയോയുടെ നിയമനം. നേരത്തെ ട്രംപിന്റെ രാഷ്ട്രീയ എതിരാളി ആയിരുന്നെങ്കിലും അദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളുമായി ചേർന്ന് നിൽക്കുന്ന തീരുമാനങ്ങൾ ആയിരുന്നു റൂബിയോയുടേത്. കഴിഞ്ഞ ഏപ്രിലിൽ റഷ്യയെ ചെറുക്കാനും ഇസ്രയേൽ ഉൾപ്പെടെയുള്ള മറ്റ് അമേരിക്കൻ പങ്കാളികളെ പിന്തുണയ്ക്കാനും യുക്രെയ്നെ സഹായിക്കുന്നതിനുള്ള ഒരു വലിയ സൈനിക സഹായ പാക്കേജിനെതിരായി വോട്ട് ചെയ്ത 15 റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാളായിരുന്നു റൂബിയോ.

റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നിന് ഡെമോക്രാറ്റിക് പ്രസിഡൻ്റ് ജോ ബൈഡൻ സൈനിക സഹായം തുടരുന്നതിനെതിരായിരുന്നു ഡൊണാൾഡ് ട്രംപ്. ഈ നയത്തിന് പിന്തുണ നൽകിയ നേതാവ് കൂടിയാണ് മാർക്കോ റൂബിയോ. റഷ്യയുമായി ചർച്ചാപരമായ ഒത്തുതീർപ്പിന് യുക്രെയ്ൻ ശ്രമിക്കണം എന്ന് പല പ്രസ്താവനങ്ങളിലും റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ചൈന, ക്യൂബ സർക്കാരുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതിന്റെ പേരിൽ ചൈനയുടെ കണ്ണിലെ കരടായ അറിയപ്പെടുന്ന മാർക്കോ റൂബിയോക്ക് ബീജിങ്ങില്‌ പ്രവേശിക്കുന്നതിന് പോലും ചൈന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുന്നതിലും ഡൊണാൾഡ് ട്രംപിന്റെ അതേ നയമാണ് റൂബിയോക്ക് ഉള്ളത്. ഗാസ യുദ്ധത്തിൽ ട്രംപിനെപ്പോലെ തന്നെ റൂബിയോയും ഇസ്രയേലിന് പിന്നിൽ ഉറച്ചുനിൽക്കുന്നു. ഹമാസ് ഉന്മൂലനം ചെയ്യേണ്ട ഒരു തീവ്രവാദ സംഘടനയാണെന്ന് നേരത്തെ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു. ഈ ലക്ഷ്യത്തിനായി ഇസ്രയേലിന് ആവശ്യമായ സൈനിക സാമഗ്രികൾ നൽകുകയെന്നതാണ് അമേരിക്കയുടെ പങ്ക് എന്നും റൂബിയോ പ്രസ്താവന നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.