ജൊഹാനസ്ബര്‍ഗ്: ജൊഹാനസ്ബര്‍ഗില്‍ ഓപ്പണര്‍ സഞ്ജു സാംസണും തിലക് വര്‍മയും നിറഞ്ഞാടി. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൂറ്റന്‍ സ്‌കോര്‍. ഇരുവരും വ്യക്തിഗത സെഞ്ചുറികളും കൂട്ടുകെട്ട് ഇരട്ട സെഞ്ചുറിയും നേടിയതോടെ ഇന്ത്യ ആകെ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ്. 
56 പന്തില്‍ നിന്ന് സഞ്ജു പുറത്താവാതെ 109 റണ്‍സ് നേടി. 47 പന്തില്‍ നിന്ന് തിലക് വര്‍മ 120 റണ്‍സുമെടുത്തു. 210 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി സഞ്ജു കരുതലോടെ തുടങ്ങി കത്തിക്കയറുകയായിരുന്നു. 28 പന്തുകളില്‍ അര്‍ധസെഞ്ചുറി കുറിച്ച താരം 51 പന്തുകളില്‍ സെഞ്ചുറിയും തികച്ചു. ഒന്‍പത് സിക്സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 
പത്ത് സിക്സും ഒന്‍പത് ഫോറും ചേര്‍ത്ത് 120 നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ചേര്‍ത്ത് 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണിത്. ഒന്നാമത്തേതും ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു. രണ്ടിലും സഞ്ജുവിന്റെ സെഞ്ചുറിയുണ്ട് എന്നതും പ്രത്യേകതയാണ്. 
ടി20 ചരിത്രത്തതില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യതാരമാണ് സഞ്ജു. ഐ.സി.സി ഫുള്‍ മെമ്പേഴ്സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെയാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.