മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിക്ക് മടങ്ങി.
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം വീണ്ടും കൈവിട്ടു പോകുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടലിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി.
മണിപ്പൂര്‍ വീണ്ടും കത്തുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സേനകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും.
സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തും. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറ് പേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പൂരിലെ സ്ഥിതി വീണ്ടും വഷളായത്.
ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ച പത്ത് കുക്കികളെ സുരക്ഷാ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആറ് പേരെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ സ്ത്രീയെ ജീവനോടെ ചുട്ടു കൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
നേരത്തേ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറി. തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ഭരണകൂടം ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍, കാക്ചിങ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റും മൊബൈല്‍ ഡേറ്റ സേവനങ്ങളും അധികൃതര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
അതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാറും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്ന് മെയ്‌തേയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മണിപ്പൂര്‍ ഇന്റെഗ്രിറ്റി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
അതേസമയം മണിപ്പൂരില്‍ പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി രാഷ്ട്രീയ താല്‍പര്യത്തോടെ മനപ്പൂര്‍വം മണിപ്പൂര്‍ കത്തിക്കുകയാണെന്നും കലാപത്തില്‍ തങ്ങളെ ഉപേക്ഷിച്ച മോഡിയോട് മണിപ്പൂരിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ മണിപ്പൂരിലെത്തണമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.