ഞങ്ങളുടെ ഭാവനയെ തുറക്കാന്‍ സഹായിക്കൂ; കണ്ണുകൊണ്ട് കാണാനാകാത്ത ലോകം സ്വപ്നം കാണാന്‍ ഞങ്ങളെ പഠിപ്പിക്കൂ: കവികള്‍ക്ക് മാര്‍പാപ്പയുടെ കത്ത്

ഞങ്ങളുടെ ഭാവനയെ തുറക്കാന്‍ സഹായിക്കൂ; കണ്ണുകൊണ്ട് കാണാനാകാത്ത ലോകം സ്വപ്നം കാണാന്‍ ഞങ്ങളെ പഠിപ്പിക്കൂ: കവികള്‍ക്ക് മാര്‍പാപ്പയുടെ കത്ത്

വത്തിക്കാന്‍ സിറ്റി: 'ദൈവത്തിന് ഒരു കവിത: ഒരു ആത്മീയ കവിതാസമാഹാരം' (ഢലൃലെ െീേ ഏീറ: അി അിവേീഹീഴ്യ ീള ഞലഹശഴശീൗ െജീലൃ്യേ) എന്ന പുസ്തകത്തിന്റെ പ്രസാധനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ കവികളെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത്.

പ്രിയ കവികളേ, നിങ്ങള്‍ പൊരുള്‍ തേടുന്നവരാണെന്ന് എനിക്കറിയാം. അതിനാല്‍തന്നെ, നിങ്ങള്‍ ജീവിത സമസ്യകളെ വിശ്വാസത്തിന്റെ കണ്ണിലൂടെ ചോദ്യം ചെയ്യുകയും അവയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥ പൊരുളിനെ ഒരു ആശയമായി മാത്രം ചുരുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം, കവിത, ഉപമകള്‍, വികാരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ അര്‍ത്ഥമാണ് അതിനുള്ളത്. വാക്കുകളുടെ ശരിയായ അര്‍ത്ഥം നിഘണ്ടുവില്‍ കാണുന്നതല്ല. അതിലുപരി, നമ്മുടെ ഉള്ളിലുള്ളതെല്ലാം പ്രകടിപ്പിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് വാക്കുകള്‍.

എന്റെ ജീവിതത്തിലുടനീളം, ഞാന്‍ നിരവധി കവികളെയും എഴുത്തുകാരെയും, പ്രത്യേകിച്ച് ദാന്തെ, ദസ്തയേവ്‌സ്‌കി തുടങ്ങിയവരെ താല്‍പര്യത്തോടെ മനസില്‍ സൂക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരുടെ വാക്കുകള്‍ ലോകത്തെയും എന്റെ ജനത്തെയും എന്നെത്തന്നെയും മനസിലാക്കാന്‍ എന്നെ സഹായിച്ചു. കൂടാതെ, ഇന്നു വരെയുള്ള എന്റെ ശുശ്രൂഷയില്‍, വ്യക്തിപരമായ വിശ്വാസ യാത്ര, അജപാലന ദൗത്യം, മനുഷ്യഹൃദയം എന്നിവയെപ്പറ്റി എന്റെ ബോധ്യം ആഴത്തിലാക്കുകയും ചെയ്തു. സാഹിത്യ പദങ്ങള്‍ ഹൃദയത്തില്‍ ഒരു മുള്ളു പോലെയാണ്. ചിന്തിക്കാന്‍ അവ നമ്മെ പ്രേരിപ്പിക്കുന്നു.

വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍, നിങ്ങളുടെ മഹത്തായ സേവനത്തെക്കുറിച്ചുള്ള ഏതാനും ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

'നിങ്ങള്‍ കാണുന്നവര്‍ മാത്രമല്ല, സ്വപ്നം കാണുന്നവര്‍ കൂടിയാണ്' - ഇതാണ് എനിക്ക് ആദ്യമായി നിങ്ങളോട് പറയാനുള്ളത്. സ്വപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെട്ട ഒരാള്‍ക്ക് കവിയാകാന്‍ സാധിക്കുകയില്ല. കണ്ണുകള്‍കൊണ്ട് കാണാന്‍ പറ്റാത്ത ഒരു പുതിയ ലോകത്തെയാണ് നാമേവരും അന്വേഷിക്കുന്നതും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും. സ്വപ്നം കാണുന്നില്ലെങ്കില്‍ നമുക്ക് ഹാ കഷ്ടം!

കവികളും കലാകാരന്മാരും നമ്മുടെ മുന്നിലുള്ള കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കി, വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ അത് പ്രഖ്യാപിക്കുകയും പ്രവചിക്കുകയും ചെയ്യുന്നവരാണ്. തീര്‍ച്ചയായും, അമൂര്‍ത്തമായ തത്വങ്ങളല്ല കവിതയ്ക്ക് വിഷയമാകേണ്ടത്. സ്‌നേഹം, അധ്വാനം, മരണം മുതലായ ചെറുതും വലുതുമായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. കണക്കുകൂട്ടലുകളുടെയും സ്ഥിരമായ സങ്കല്‍പ്പങ്ങളുടെയും മനോഭാവത്തിന് ഒരു മറുമരുന്നാണ് കല. അത് നമ്മുടെ ഭാവനയെയും കാര്യങ്ങള്‍ കാണുകയും ഗ്രഹിക്കുകയും ചെയ്യുന്ന രീതികളെയും വെല്ലുവിളിക്കുന്നു. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, സുവിശേഷം തന്നെ ഒരു കലാപരമായ വെല്ലുവിളിയാണ്. 'വിപ്ലവകരമായ' ഒരു ഊര്‍ജമാണ് സുവിശേഷത്തിലൂടെ നമ്മിലേക്ക് പ്രവഹിക്കുന്നത്. അതിനാല്‍ പ്രതിഷേധിക്കുകയും വിളിച്ചുപറയുകയും വിലപിക്കുകയും ചെയ്യുന്ന വാക്കുകളിലൂടെ നിങ്ങളുടെ പ്രതിഭ സഭയ്ക്കും ആവശ്യമുണ്ട്.

രണ്ടാമതായി, മനുഷ്യന്റെ ഉത്കണ്ഠകള്‍ക്ക് നിങ്ങള്‍ ശബ്ദം നല്‍കുന്നു. പലപ്പോഴും, ഈ ഉത്കണ്ഠകള്‍ ഹൃദയത്തിന്റെ ആഴത്തില്‍ കുഴിച്ചിടപ്പെടുന്നയാണ്. കലാപരമായ പ്രചോദനങ്ങള്‍ ആശ്വാസപ്രദമെന്നതു പോലെതന്നെ അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് നിങ്ങള്‍ക്കറിയാം. കാരണം, അവ ജീവിതത്തിന്റെ സുന്ദര യാഥാര്‍ത്ഥ്യങ്ങളും ദുരന്തങ്ങളും ഒരുപോലെ അവതരിപ്പിക്കേണ്ടവയാണ്. ജീവിതത്തിന്റെ എതിര്‍ ധ്രുവങ്ങളെ പ്രകടിപ്പിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് കല. ശക്തമായ സന്ദേശങ്ങളും ദര്‍ശനങ്ങളും കൈമാറാന്‍ കഴിവുള്ള ക്രിയാത്മകവും വഴക്കമുള്ളതുമായ ഭാഷ അതിന് ആവശ്യമാണ്.

ജീവിതത്തില്‍ ചിലപ്പോഴെങ്കിലും നമുക്ക് മനസിലാക്കാന്‍ പറ്റാത്തതും വാക്കുകള്‍ക്കതീതവുമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. ഇതാണ് നിങ്ങളുടെ ഫലഭൂയിഷ്ഠമായ മണ്ണും പ്രവര്‍ത്തന മേഖലയും. പലപ്പോഴും നാം ദൈവത്തെ കണ്ടുമുട്ടുന്നതും ഇവിടെയാണ്. ഒരു തടത്തില്‍ ജലം വന്നു നിറഞ്ഞ് അവിടെനിന്ന് അത് കവിഞ്ഞൊഴുകുന്നതുപോലെ, നമുക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധമാണ് ദൈവത്തെ നാം അനുഭവിച്ചറിയുന്നത്.

അതിനാല്‍ ഇന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു: അടഞ്ഞതും നിര്‍വചിക്കപ്പെട്ടതുമായ അതിരുകള്‍ ഭേദിച്ച് പുറത്തേക്ക് പോവുക. നിങ്ങളുടെയും മനുഷ്യരാശിയുടെയും ഉല്‍ക്കണ്ഠകളെ മെരുക്കിയെടുക്കുകയും വളര്‍ത്തുകയും ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിങ്ങളുടെ സര്‍ഗാത്മകതയെ തളര്‍ത്തുകയും കാവ്യ വാസനയെ ഞെരുക്കുകയും ചെയ്യുന്നു. നിങ്ങളുടെ കവിതയുടെ വാക്കുകള്‍ ഉപയോഗിച്ച്, മനുഷ്യ ഹൃദയങ്ങളില്‍ കുടികൊള്ളുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ ആഗ്രഹങ്ങള്‍ തണുത്തുറഞ്ഞ് നിര്‍ജീവമായിപ്പോകാന്‍ അനുവദിക്കാതെ അവ ശേഖരിക്കുക. മനുഷ്യ ജീവിതത്തിന്റെ പിരിമുറുക്കങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കുമിടയില്‍ യോജിപ്പിലേക്ക് നയിക്കാന്‍ ദൈവാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് അവസരമൊരുക്കും.

നല്ല അഭിനിവേശങ്ങളുടെ അഗ്‌നി കെടാതെ സൂക്ഷിക്കണം. അങ്ങനെ കലകളുടെ സമൃദ്ധിയിലൂടെ പ്രകടമാകുന്ന സൗന്ദര്യത്തിന്റെ വളര്‍ച്ചയ്ക്ക് അത് കാരണമായിത്തീരും.

മനുഷ്യന്‍ ജീവിക്കുന്നതും അനുഭവിക്കുന്നതും സ്വപ്നം കാണുന്നതും കഷ്ടപ്പെടുന്നതുമായ എല്ലാ കാര്യങ്ങള്‍ക്കും വാക്കുകളിലൂടെ ജീവനും രൂപവും നല്‍കുക എന്നതാണ് നിങ്ങളുടെ കര്‍ത്തവ്യം. മനുഷ്യരാശിയുടെ 'മഹാകവി' എന്ന നിലയില്‍ ദൈവത്തെ കൂടുതല്‍ മനസിലാക്കാന്‍ അത് നമ്മെ സഹായിക്കും. വിമര്‍ശനങ്ങളുടെ ഭാരം വഹിക്കുകയും അതേസമയം അതില്‍ നിന്ന് പഠിക്കുകയും ചെയ്യണം. എന്നാല്‍ സഹജമായ സര്‍ഗാത്മകതയ്ക്ക് ഒരിക്കലും ഭംഗം വരരുത്. നാം ജീവിച്ചിരിക്കുന്നതിന്റെ അത്ഭുതം ഒരിക്കലും നഷ്ടപ്പെടുത്തിക്കളയരുത്.

ഇന്ന് നമുക്ക് ഒരു പുതിയ ഭാഷയുടെയും ശക്തമായ കഥകളുടെയും ചിത്രങ്ങളുടെയും പ്രതിഭ ആവശ്യമുണ്ട്. ഞങ്ങളുടെ ഭാവനയെ രൂപപ്പെടുത്തുന്നവരില്‍ നിങ്ങളും ഉള്‍പ്പെടുന്നു. നിങ്ങളുടെ കൃതികള്‍ ഇന്നത്തെ മനുഷ്യരുടെ ആത്മീയ ഭാവനയില്‍ സ്വാധീനം ചെലുത്തണം. നിങ്ങളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന മൂന്നാമത്തെ കാര്യം ഇതാണ്.

ലോകത്തോട് സുവിശേഷത്തിന്റെ സന്ദേശം പ്രഘോഷിക്കാനും യേശുവിനെ കാണാനും സ്പര്‍ശിക്കാനും ജീവിക്കുന്ന അവിടുത്തെ സാന്നിധ്യം അനുഭവിച്ചറിയാനും അവിടുത്തെ വാഗ്ദാനത്തിന്റെ മനോഹാരിത ഗ്രഹിക്കാനും നമ്മെ പ്രാപ്തരാക്കാന്‍ കഴിവുള്ള കവികളെ ഇന്ന് ആവശ്യമുണ്ട്. ക്രിസ്തുവിന്റെ ചിത്രം ഒരു ഫ്രെയിമിനുള്ളിലാക്കി, ഭിത്തിയില്‍ തൂക്കി മെരുക്കിയെടുക്കാനുള്ളതല്ല. പകരം, അവിടുത്തെ വാഗ്ദാനം പ്രാപിക്കാന്‍ തക്കവിധം നമ്മുടെ ജീവിതത്തെയും ഭാവിയെയും പറ്റി പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാകണം.

പ്രിയ കവികളേ, നിങ്ങളുടെ സേവനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മനുഷ്യ ജീവിതത്തിന്റെ നിഗൂഢത മനസിലാക്കാനും സമൂഹത്തെ സൗന്ദര്യത്തിലേക്കും സാര്‍വത്രിക സാഹോദര്യത്തിലേക്കും നയിക്കാനും സഹായിക്കുന്ന വിധത്തില്‍ നിങ്ങളുടെ ഭാവനയിലൂടെയും വാക്കുകളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും സ്വപ്നം കാണുന്നതും ചോദ്യം ചെയ്യുന്നതും തുടരുക. ഞങ്ങളുടെ ഭാവനയെ തുറക്കാന്‍ ഞങ്ങളെ സഹായിക്കുക. അങ്ങനെ സ്വാര്‍ത്ഥമായ ഇടുങ്ങിയ ചിന്താഗതികളില്‍ നിന്ന് ഞങ്ങള്‍ വിമുക്തരാകട്ടെ. ദൈവീക രഹസ്യങ്ങളോട് ഞങ്ങള്‍ തുറവിയുള്ളവരാകട്ടെ. ക്രിയാത്മകതയോടും ധൈര്യത്തോടും കൂടി തളരാതെ മുന്നോട്ടു നീങ്ങുക!

നിങ്ങളെ ഞാന്‍ ആശിര്‍വദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.