ഇനി രണ്ട് നാള്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശയ്ക്കായി സിറോ മലബാര്‍ സമൂഹം ആത്മീയമായി ഒരുങ്ങി

ഇനി രണ്ട് നാള്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശയ്ക്കായി സിറോ മലബാര്‍ സമൂഹം ആത്മീയമായി ഒരുങ്ങി

മെല്‍ബണിലെത്തിയ കോതമംഗലം രൂപതാധ്യക്ഷനായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശയ്ക്കായി വിശ്വാസി സമൂഹം ആത്മീയമായി ഒരുങ്ങി. മെല്‍ബണ്‍ രൂപതയിലെ വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി പണി പൂര്‍ത്തിയായ ദേവാലയം ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങിന് ഇനി കേവലം രണ്ടു ദിനങ്ങള്‍ മാത്രമാണുള്ളത്. ഇതോടു കൂടി വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പിന് പരിസമാപ്തി കുറിക്കും. കൂദാശാ കര്‍മ്മങ്ങള്‍ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ ഓരോരുത്തരായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

കോതമംഗലം രൂപതാധ്യക്ഷനായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കഴിഞ്ഞ ദിവസം മെല്‍ബണില്‍ എത്തിച്ചേര്‍ന്നു. മെല്‍ബണ്‍ രൂപത പ്രോക്യൂറേറ്റര്‍ ഡോ. ജോണ്‍സന്‍ ജോര്‍ജ് പിതാവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവരും ഒപ്പമുണ്ടായിരുന്നു. 22 മെത്രാന്മാരും 90 ഓളം വൈദികരും കൂദാശാ കര്‍മ്മങ്ങള്‍ക്കായി എത്തിച്ചേരും. മെല്‍ബണ്‍ രൂപതയിലെയും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 3000 ത്തോളം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശനിയാഴ്ച്ചയിലെ കൂദാശ കര്‍മത്തിനു മുന്നോടിയായി വ്യാഴവും വെള്ളിയും പ്രത്യേക വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. നാളെയും വെള്ളിയും രാവിലെ 9.30ന് മെല്‍ബണിലെ എപ്പിങ് 1 സീ റെസ്റ്റില്‍ വച്ചാണ് തിരുക്കര്‍മങ്ങള്‍ നടക്കുക. വൈകിട്ട് 5.30 വരെ ആരാധന തുടരും. കൂദാശ കര്‍മത്തിന്റെ വിജയത്തിനായുള്ള ആരാധനയില്‍ വിശ്വാസികള്‍ എല്ലാവരും പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു.

തയാറാക്കിയത്:

ബീന ഷാജി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.