'അവശ്യ വസ്തുക്കള്‍ സംഭരിച്ച് കരുതിയിരിക്കുക'; റഷ്യയുടെ ആണവായുധ നയം മാറ്റത്തിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

'അവശ്യ  വസ്തുക്കള്‍ സംഭരിച്ച് കരുതിയിരിക്കുക'; റഷ്യയുടെ ആണവായുധ നയം മാറ്റത്തിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

ഓസ്ലോ: ആവശ്യമെങ്കില്‍ ആണവായുധങ്ങളും ഉപയോഗിക്കാമെന്ന റഷ്യയുടെ ആണവായുധ നയം മാറ്റത്തിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍.

തങ്ങളുടെ പൗരന്മാരോട് യുദ്ധ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട പല നാറ്റോ രാജ്യങ്ങളും യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ വെള്ളം, മരുന്നുകള്‍, ഉണങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ എന്നിവ സംഭരിക്കാന്‍ ഡെന്‍മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിന്‍ലന്‍ഡും പൗരന്മാര്‍ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ആണവ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയത്തിനിടയില്‍ സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് സുരക്ഷിതരായിരിക്കണമെന്ന് ലഘുലേഖകളില്‍ മുന്നറിയിപ്പ് നല്‍കിയതായി യു.കെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോര്‍വേയും പുറത്തിറക്കി.

ഉക്രെയ്ന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി, പുതുക്കിയ ആണവനയ രേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്നലെ ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിര്‍ണായക തീരുമാനം.

ആണവായുധേ ശഷിയല്ലാത്ത ഒരു രാജ്യം, ആണവ ശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്ക് നേരേ നടത്തുന്ന ആക്രമണം 'സംയുക്ത ആക്രമണ'മായി കണക്കാക്കും. സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

റഷ്യയ്ക്ക് നേരേ യു.എസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിന്‍ കടുത്ത ആണവ നയത്തില്‍ ഒപ്പിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.