ന്യൂഡല്‍ഹി: ഇന്ന് വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരുമെന്ന് ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. പ്രതിപക്ഷ മുന്നണിയായ മഹാ വികാസ് അഘാഡിക്ക് 110 മുതല്‍ 130 സീറ്റുകളില്‍ ലഭിക്കുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു.
പി മാര്‍ക്ക് സര്‍വേയിലും ബിജെപി സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം. 137 മുതല്‍ 157 സീറ്റുകള്‍ വരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. പോള്‍ ഡയറിയും മഹാരാഷ്ട്ര മഹായുതി സഖ്യം മുന്നില്‍ എത്തുമെന്നാണ് വ്യക്തമാക്കുന്നത്.
ജാര്‍ഖണ്ഡില്‍ ഭരണ കക്ഷിയായ ജെഎംഎം നയിക്കുന്ന ഇന്ത്യാ ബ്ലോക്കിനെ പരാജയപ്പെടുത്തി ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തില്‍ വരുമെന്നാണ് ആദ്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 23 ന് പ്രഖ്യാപിക്കും.
മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (105) നേടിയപ്പോള്‍, ശിവസേന (56), കോണ്‍ഗ്രസ് (44) തൊട്ടു പിന്നില്‍ എത്തി. മഹായുതി സഖ്യത്തില്‍ ബിജെപി, ശിവസേന, എന്‍സിപി (അജിത് പവാര്‍ വിഭാഗം) എന്നി പാര്‍ട്ടികളാണ് ഉള്ളത്.
കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍ വിഭാഗം) എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് മഹാ വികാസ് അഘാഡി. 1990 ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100 ന് മുകളില്‍ സീറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ കോണ്‍ഗ്രസ് 102 സീറ്റുകളിലാണ് മത്സരിക്കുന്നത്
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബര്‍ 13 നായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നായിരുന്നു. 2019 ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30 സീറ്റുകള്‍ നേടി.
കോണ്‍ഗ്രസ് 16 ഉം, ആര്‍ജെഡി ഒന്നും സീറ്റുകളില്‍ വിജയിച്ചിരുന്നു. ബിജെപി 25 സീറ്റുകളാണ് നേടിയത്. ജെവിഎം മൂന്ന് സീറ്റും, എജെഎസ് യു രണ്ട് സീറ്റും സിപിഐ എം.എല്‍, എന്‍സിപി കക്ഷികള്‍ ഒന്നു വീതവും ഇതര പാര്‍ട്ടികള്‍ രണ്ടു സീറ്റും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.