ന്യൂഡല്‍ഹി: അമേരിക്കയില്‍ അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് അദേഹം പറഞ്ഞു.
രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണ്. പ്രധാനമന്ത്രി മോഡി അദാനിയെ സംരക്ഷിക്കുകയാണ്.
വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ആര് കുറ്റം ചെയ്താലും ജയിലില്‍ ഇടുമെന്ന് പറഞ്ഞ മോഡി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോഡിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല.
കാരണം മോഡിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഈ അഴിമതിയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രാഹുലിനൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.