ലണ്ടന്‍: ഓസ്ട്രേലിയക്ക് പിന്നാലെ 16 വയസില്‍ താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി തനിക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയാനും ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുവാക്കളിലെ സോഷ്യല്‍ മീഡിയകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുമെന്നും കൈലേ പറഞ്ഞു.
16 വയസു വരെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ലോകത്തിലാദ്യമായി ഓസ്ട്രേലിയ അവതരിപ്പിച്ചിരുന്നു. ഓസ്ട്രേലിയയിലെ കമ്മ്യൂണിക്കേഷന്‍ മന്ത്രി മിഷേല്‍ റോളണ്ട് അവതരിപ്പിച്ച ബില്‍ ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പ്രാധാന്യം നല്‍കുന്നു. ബില്‍ പാസായാല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരു വര്‍ഷം വരെയെങ്കിലും സമയമെടുക്കും.
കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നത് തടഞ്ഞില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ 3.3 കോടി ഡോളര്‍ പിഴ നല്‍കേണ്ടി വരും. സോഷ്യമീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംരക്ഷണം ഒരുക്കേണ്ട ചുമതല കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ അല്ലെന്നും മൈക്കിള്‍ റോളണ്ട് പറഞ്ഞു.
സോഷ്യല്‍ മീഡിയാ ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യയിലേക്കും അപകടകരമായ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിലേക്കും നയിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം മാതാപിതാക്കളെ സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച് ബോധവല്‍കരിക്കേണ്ടതുണ്ടെന്നും അതിന് ശക്തിപകരുന്ന ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.