ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള സുപ്രധാന പദ്ധതികള്‍ റദ്ദ് ചെയ്ത് കെനിയ. രാജ്യത്തെ പ്രധാന വിമാനത്താവള വികസന പദ്ധതി, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മിക്കുന്നതിനായി ഊര്‍ജ മന്ത്രാലയവുമായി ഒപ്പുവെച്ച 700 മില്യണ്‍ ഡോളറിന്റെ കരാറ് എന്നിവയാണ് റദ്ദാക്കിയത്. പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്.
യു.എസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ അദാനിക്കെതിരെ എഫ്ബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
ഗതാഗത മന്ത്രാലയത്തിലെയും ഊര്‍ജ-പെട്രോളിയം മന്ത്രാലയത്തിലെയും ഏജന്‍സികള്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ എത്രയും വേഗത്തില്‍ റദ്ദ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി റൂട്ടോ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദേഹം പറഞ്ഞു.
നെയ്‌റോബിയിലുള്ള വിമാനത്താവളത്തില്‍ അധിക റണ്‍വേയും ടെര്‍മിനലും നിര്‍മിച്ച് നവീകരിക്കാനുള്ളതായിരുന്നു നിര്‍ത്തലാക്കിയ പദ്ധതികളിലൊന്ന്. 30 വര്‍ഷത്തേക്കുള്ളതായിരുന്നു കരാര്‍. കരാറിനെതിരെ കെനിയയില്‍ നേരത്തേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എയര്‍പോര്‍ട്ട് തൊഴിലാളികളുടെ നേതൃത്വത്തില്‍ പണിമുടക്ക് സമരം അടക്കമുള്ള പ്രതിഷേധങ്ങളാണ് നടന്നത്. അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയ തീരുമാനം തൊഴില്‍ നഷ്ടത്തിനും മോശം തൊഴില്‍ സാഹചര്യത്തിനും കാരണമാകുമെന്നായിരുന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയത്.
പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മിക്കാനുള്ള പദ്ധിക്ക് ഒക്ടോബറിലായിരുന്നു അദാനിയുമായി കെനിയ കരാറില്‍ ഏര്‍പ്പെട്ടത്. 30 വര്‍ഷത്തേക്കുള്ള 736 മില്യണ്‍ ഡോളറിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായിരുന്നു ഇത്. കേസ് വിവാദം ഉയര്‍ന്നതോടെ കരാറില്‍ കെനിയയുടെ ഭാഗത്ത് നിന്ന് കൈക്കൂലിയോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് വ്യാഴാഴ്ചയും ഊര്‍ജ മന്ത്രി ഒപിയോ വാണ്ടായി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ സൗരോര്‍ജ പദ്ധതി കരാറുകള്‍ ലഭിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. 250 കോടി ഡോളര്‍ (ഏകദേശം 2100 കോടി രൂപ) കൈക്കൂലിക്കൊടുത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും കമ്പനിയിലെ മറ്റ് ഏഴ് പേര്‍ക്കും എതിരെയാണ് കേസെടുത്തത്. കൈക്കൂലി നല്‍കിയതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉണ്ടെന്നും വകുപ്പ് വ്യക്തമാക്കി.
അതേസമയം കുറ്റപത്രത്തിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളും വലിയ നഷ്ടത്തിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.