പ്രാര്‍ത്ഥനകളും കാത്തിരിപ്പും പരിസമാപ്തിയിലേക്ക്; മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിന്റെ കൂദാശ നാളെ രാവിലെ

പ്രാര്‍ത്ഥനകളും കാത്തിരിപ്പും പരിസമാപ്തിയിലേക്ക്; മെല്‍ബണ്‍  സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിന്റെ കൂദാശ നാളെ രാവിലെ

പോൾ സെബാസ്റ്റ്യൻ

'കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്ക് പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു' (സങ്കീര്‍ത്തനം 122:1).

മെല്‍ബണ്‍ സെന്റ് തോമസ് ദി അപ്പോസ്റ്റല്‍ സിറോ മലബാര്‍ രൂപതയുടെ ഹൃദയ ദേവാലയമായ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നവംബര്‍ 23-ന് (ശനിയാഴ്ച) മെല്‍ബണ്‍ സമയം രാവിലെ 9.30 ന് നിര്‍വഹിക്കും.

മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, ഉജ്ജയിന്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍, യു.കെ പ്രസ്റ്റണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രെയ്‌നിയന്‍ രൂപത ബിഷപ്പും നിയുക്ത കര്‍ദിനാളുമായ ബിഷപ്പ് മൈക്കോള ബൈചോക്ക് എന്നിവരുള്‍പ്പടെ 22 പിതാക്കന്മാരും 80 ഓളം വൈദികരും മുവായിരത്തിലധികം വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ഓസ്ട്രേലിയയിലെ ഫെഡറല്‍-സ്റ്റേറ്റ് മന്ത്രിമാരും എം.പിമാരും സാമുഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികളും സന്നിഹിതരായിരിക്കും.



രാവിലെ ഒന്‍പതിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് കത്തീഡ്രല്‍ അങ്കണത്തില്‍ സ്വീകരണം നല്‍കും. കത്തീഡ്രല്‍ കൂദാശയുടെ ശിലാഫലകം ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ അനാച്ഛേദനം ചെയ്യും. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നാട മുറിച്ചുകൊണ്ട് കത്തീഡ്രലിലേക്ക് പ്രവേശിക്കും.

ദേവാലയ കൂദാശകര്‍മ്മത്തിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പിതാവും മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവും സഹകാര്‍മ്മികരാകും. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കും. കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനകര്‍മ്മം മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് മെല്‍ബണ്‍ കാത്തലിക് അതിരൂപത ബിഷപ്പ് പീറ്റര്‍ കമെന്‍സോളിക്ക് സുവനീര്‍ നല്‍കി നിര്‍വഹിക്കും. ഫാ. വര്‍ഗീസ് വാവോലില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ചടങ്ങില്‍ നന്ദി അര്‍പ്പിക്കും.

2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ, ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സിറോ മലബാര്‍ രൂപതയായി മെല്‍ബണ്‍ രൂപത പ്രഖ്യാപിച്ചത്. രൂപതാ സ്ഥാപനത്തിന്റെ 10-ാം വാര്‍ഷിക വേളയിലാണ് രൂപതയുടെ മുഖ്യ ദേവാലയമായ കത്തീഡ്രല്‍ ദേവാലയം സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീ സമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെ കൂട്ടായ്മയുടെയും സാമ്പത്തിക സഹകരണത്തിന്റെയും ഫലമാണ് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയം.



2020 ജൂലൈ മൂന്നിനാണ് മെല്‍ബണ്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഫാ. മാത്യൂ കൊച്ചുപുരയ്ക്കലായിരുന്നു ഇടവക വികാരി. മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങില്‍ ഹ്യും ഫ്രീവേക്ക് സമീപം 53 മക്കെല്ലാര്‍ വേയില്‍, കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രല്‍ ദേവാലയം പണി പൂര്‍ത്തിയായിരിക്കുന്നത്.

1711 സ്‌ക്വയര്‍ മീറ്ററില്‍ പൗരസ്ത്യ പാരമ്പര്യ തനിമകളോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. 1000 പേര്‍ക്ക് ഒരേ സമയം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലില്‍ ഉണ്ട്. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേരെ ഉള്‍കൊള്ളാവുന്ന ചാപ്പലും 150 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസ പരിശീലനത്തിന് ഉപകരിക്കുന്ന ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. 500 ഓളം പേര്‍ക്കിരിക്കാവുന്നതും, സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ്ഹാള്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു.

2000 മുതലാണ് ആരോഗ്യ രംഗത്തെയും ഐടി മേഖലയിലെയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നും മെല്‍ബണിലും പരിസര പ്രദേശങ്ങളിലും കുടിയേറി പാര്‍ക്കുന്നത്. മലയാള മണ്ണില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സിറോ മലബാര്‍ പാരമ്പര്യവും ക്രിസ്തു വിശ്വാസവും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍, വിശ്വാസ പരിശീലന വേദികളും സ്വന്തമായ് ഒരു ദേവാലയവും വേണമെന്നുള്ള അതിയായ ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു. അതിനുവേണ്ടി അവര്‍ ഒരുമയോടെ പ്രാര്‍ത്ഥിച്ചു, പ്രവര്‍ത്തിച്ചു.

കുടുംബം കെട്ടിപ്പടുക്കുന്നതോടൊപ്പം, തങ്ങളാല്‍ കഴിയുന്നതെല്ലാം ദേവാലയ നിര്‍മ്മാണത്തിനായി അവര്‍ സ്വരുക്കൂട്ടി. സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം കണ്ടുകൊണ്ട് തന്നെ, ലഭ്യമായ ദേവാലയങ്ങളില്‍ വിശ്വാസ പരിശീലനവും ഞായറാഴ്ചകളിലെ സിറോ മലബാര്‍ വിശൂദ്ധ കുര്‍ബാനകളിലും അവര്‍ ഒരുമയോടെ പങ്കെടുത്തു. നീണ്ട 15-20 വര്‍ഷങ്ങളാണ് സ്വന്തം ദേവാലയം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവര്‍ക്ക് അലയേണ്ടി വന്നത്. പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയില്‍ ദൈവം കനിഞ്ഞു നല്‍കിയ കര്‍ത്താവിന്റെ ഭവനത്തിലേക്ക് അവര്‍ പ്രവേശിക്കുന്നു- നവംബര്‍ 23ന്. ഏവര്‍ക്കും സ്വാഗതം.

'കര്‍ത്താവിന്‍ ഭവനം, എത്രയോ അഭികാമ്യം
അങ്ങേ വാസസ്ഥലം, എത്രയോ മനോഹരം'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.