അബൂജ : നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ  മധ്യ നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി. രാജ്യത്ത് വ്യാപകമായി നടക്കുന്ന കൂട്ടക്കൊലകളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും  ശ്രേണിയില്‍ ഏറ്റവും പുതിയതാണ്   ഈ സംഭവം.
       സൈനിക യൂണിഫോം ധരിച്ച ആയുധധാരികളായ തീവ്രവാദികള്‍  ചൊവ്വാഴ്ച രാത്രി നൈജര്‍ സംസ്ഥാനത്തെ കഗാര ടൗണിലെ ഓള്‍ ബോയ്‌സ് ഗവണ്‍മെന്റ് സയന്‍സ് കോളേജില്‍ അതിക്രമിച്ച്  കയറുകയായിരുന്നു.   ഏതാനും അധ്യാപകരെയും  തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അടുത്തുള്ള വനത്തിലേക്കാണ് ഇവരെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. കൊള്ളക്കാര്‍ക്കായി  കരസേനയും വ്യോമസേനയും പട്രോളിംഗ് നടത്തിവരുന്നു. 
ആയിരത്തോളം വിദ്യാര്‍ത്ഥികളാണ്  ഈ സ്‌കൂളില്‍  പഠിച്ചിരുന്നത്.    തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച്  സര്‍ക്കാര്‍  പഠിച്ചു വരുന്നതായി     നൈജര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  തീവ്രവാദി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ ബോര്‍ഡിംഗ് സ്‌കൂളുകളും അടച്ചുപൂട്ടാന്‍ സംസ്ഥാന ഗവര്‍ണര്‍ ഉത്തരവിട്ടു. 
കഴിഞ്ഞ  ഡിസംബറില്‍  വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കട്‌സിനയില്‍ 300 ഓളം സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ സമാനമായ ആക്രമണം  നടന്നിരുന്നു.   ബോക്കോ ഹറാമുമായി ബന്ധമുള്ള തീവ്രവാദികള്‍ക്ക്  മോചനദ്രവ്യം നല്‍കിയാണ്  കുട്ടികളെ  മോചിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത   റിപ്പോര്‍ട്ടുകള്‍ ഉണ്ട്.      നിരവധി വ്യോമാക്രമണങ്ങളും സൈനിക നടപടികളും ഉണ്ടായിരുന്നിട്ടും വടക്കന്‍ നൈജീരിയയുടെ പല ഭാഗങ്ങളിലും  തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. 
ചില പ്രാദേശിക സര്‍ക്കാരുകളുമായി  തീവ്രവാദ ഗ്രൂപ്പുകള്‍  വിവാദപരമായ  ''സമാധാന കരാറുകളില്‍'' ഒപ്പുവെച്ചിട്ടുണ്ട്, ചിലര്‍ കലാപകാരികള്‍ക്ക് പണം നല്‍കി അല്ലെങ്കില്‍ മറ്റു  സഹായങ്ങള്‍   വാഗ്ദാനം ചെയ്തുമാണ്   കരാറില്‍ ഏര്‍പ്പെട്ടത് .  എന്നിട്ടും ആക്രമണങ്ങള്‍ സാധാരണമാണ്. സമീപ വര്‍ഷങ്ങളില്‍ നൈജീരിയക്കാര്‍  അഭയാര്‍ഥികളായി  മറ്റു രാജ്യങ്ങളിലേക്ക്  പലായനം ചെയ്യുന്നു.    വിവിധ  ജിഹാദി ഗ്രൂപ്പുകള്‍  ധന സമ്പാദനത്തിനും  സാമ്രാജ്യത്വ വിപുലീകരണത്തിനുമായി   നൈജീരിയയയെ  കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. 
ഇപ്പോഴും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ 11 വര്‍ഷമായി  കലാപം തുടരുന്നു . വടക്കന്‍, മധ്യ നൈജീരിയ എന്നിവിടങ്ങളില്‍  മുസ്ലീം  തീവ്രവാദ  സംഘങ്ങള്‍  കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നുതായി  അന്താരാഷ്ട്ര ഏജന്‍സികള്‍  കരുതുന്നു.    പാശ്ചാത്യ വിദ്യാഭ്യാസത്തിനു  എതിരു നില്‍ക്കുന്ന  ബോക്കോ ഹറാം  എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയുമായി   ബന്ധമുള്ളവരാണ്  ഇത്തരം തട്ടിക്കൊണ്ടു പോകലിന്  പിന്നിലുള്ളവര്‍.
    വടക്കു കിഴക്കന്‍ ബൊര്‍നോ സംസ്ഥാനത്തെ ചിബോക്കിലെ സ്‌കൂളില്‍ നിന്നും  2014 ഏപ്രിലില്‍ ബോക്കോ ഹറാം 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍   നൂറോളം പെണ്‍കുട്ടികളെ  ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.