'മുനമ്പം പ്രശ്‌നത്തില്‍ സര്‍ക്കാരിന് നിയമ നിര്‍മാണമാകാം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും': ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

'മുനമ്പം പ്രശ്‌നത്തില്‍ സര്‍ക്കാരിന് നിയമ നിര്‍മാണമാകാം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും': ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

കൊച്ചി: ഭൂമി സംബന്ധമായ കാര്യങ്ങള്‍ സംസ്ഥാന വിഷയമായതിനാല്‍ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിലെ തടസങ്ങള്‍ മറികടക്കുന്നതിന് സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമെന്ന് മുനമ്പം ജുഡിഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍.

മുനമ്പം വഖഫ് വിഷയത്തില്‍ ഭൂവുടമകളുടെ അവകാശ സംരക്ഷണത്തിന് നിയമാനുസൃത നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദേഹം പറഞ്ഞു. വസ്തുതകള്‍ പരിശോധിച്ച് ഉചിതമായ ശുപാര്‍ശകള്‍ നല്‍കും. പഴയ രേഖകളടക്കം പരിശോധിക്കേണ്ടതുണ്ട്. ഒട്ടേറെപ്പേരുടെ ഹിയറിംഗ് ആവശ്യമുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച മൂന്നുമാസ കാലാവധി തികയാതെ വരും. പരിഗണനാ വിഷയങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യാന്‍ നിയമ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലവാസികളില്‍ ആര്‍ക്കെല്ലാം ഏത് രീതിയിലാണ് അവകാശവാദമുള്ളതെന്നാകും ആദ്യം പരിശോധിക്കുക.

കൈവശാവകാശ രേഖ, പട്ടയം, തലമുറകളായി താമസിക്കുകയാണെന്ന രേഖ ഇങ്ങനെ പലതുമാകാം. ബന്ധപ്പെട്ട കക്ഷികളുടെയും സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റെയുമെല്ലാം വാദം കേള്‍ക്കും. സ്ഥലത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും വ്യാപാര ശാലകളുമായി ബന്ധപ്പെട്ട തര്‍ക്കവും ഉയര്‍ന്നേക്കാം.

ഉടമസ്ഥാവകാശം കണ്ടെത്തി രേഖപ്പെടുത്താന്‍ കമ്മിഷന് കഴിയും. വഖഫ് സ്വത്തല്ലെന്ന് അംഗീകരിച്ചു നല്‍കാനുള്ള അധികാരം കോടതിക്കോ വഖഫ് ട്രൈബ്യൂണലിനോ ആണ്. ഇതിനുവേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനാകും. കോടതികളില്‍ ശേഷിക്കുന്നതും വിധി പറഞ്ഞതുമായ വിഷയങ്ങളില്‍ ഇടപെടാന്‍ കമ്മിഷന് അധികാരമില്ലെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ഭൂമിയുടെ പ്രശ്‌നം മറികടക്കാന്‍ വഖഫ് നിയമവുമായി സമന്വയിപ്പിച്ച് സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണമാകാം. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ആവശ്യമെങ്കില്‍ ഇതിന് നടപടിയെടുക്കാം. വഖഫ് ബോര്‍ഡിന് കൂടുതല്‍ ഉദാരമായ നിലപാടെടുക്കുകയുമാകാം. കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും ശുപാര്‍ശ നല്‍കാന്‍ കമ്മിഷന് കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.