ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നോട്ടിസ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി.
ഗൗതം അദാനിയും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിയും 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. നടപടിയോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം എട്ട് പേര്‍ക്കെതിരെ അമേരിക്കയിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. അതേസമയം നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിഷയം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുമായടക്കം അദാനി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്നും അഴിമതിക്കാരനെങ്കില്‍ എന്തിന് കരാറിലേര്‍പ്പെട്ടെന്നുമാണ് ബിജെപിയുടെ ചോദ്യം.
വിദേശ ശക്തികളുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തിലൂന്നിയായിരിക്കും ബിജെപി പ്രതിരോധമുയര്‍ത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.