ഐപിഎല്‍ താരലേലം: 27 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; ശ്രേയസിന് 26.75 കോടി

ഐപിഎല്‍ താരലേലം: 27 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; ശ്രേയസിന് 26.75 കോടി

ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 27 കോടി രൂപക്കാണ് റിഷഭ് പന്തിനെ ലഖ്‌നൗ ടീമിലെത്തിച്ചത്.

ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമായി. കെ.എല്‍ രാഹുല്‍ പോകുന്നതോടെ പകരം നായകനായാണ് ലഖ്‌നൗ റിഷഭ് പന്തിനെ പരിഗണിച്ചത്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്‌നൗ തന്നെയാണ് റിഷഭ് പന്തിന്റെ പേരു വിളിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് 11.25 കോടി വരെ ലഖ്‌നൗവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലായിരുന്നു വാശിയേറിയ ലേലം വിളി. എന്നാല്‍ 11.25 കോടി കടന്നതോടെ ആര്‍സിബി പിന്‍മാറി. ഈ സമയത്താണ് നാടകീയമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പന്തിനായി രംഗത്തെത്തിയത്.

പിന്നീട് ഹൈദരാബാദും ലഖ്‌നൗവും തമ്മിലായി മത്സരം. 20 കോടി വരെ ഇരു ടീമകളും പന്തിനായി മാറി മാറി വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാര്‍ഡ്(ആര്‍ടിഎം) ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനായി 20.75 കോടിക്ക് രംഗത്തെത്തി. ലേലത്തില്‍ ശ്രേയസിനെ തിരികെയെത്തിച്ച് നായകനാക്കായാണ് ഡല്‍ഹി പന്തിനെ കൈവിട്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ശ്രേയസിനെ പഞ്ചാബ് റാഞ്ചിയതോടെ റിഷഭിനെ തിരിച്ചുപിടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമം ലഖ്‌നൗ തകര്‍ത്തു. 27 കോടിക്ക് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ച് എല്ലാവരേയും ഞെട്ടിച്ചു. നിമിഷങ്ങള്‍ക്ക് മുമ്പ് 26.75 കോടിക്ക് പഞ്ചാബിലെത്തി ഐപിഎല്‍ ചരിത്രത്തിലെ വില കൂടി താരമായ ശ്രേയസിന്റെ റെക്കോര്‍ഡാണ് 27 കോടിക്ക് ലഖ്‌നൗവിലെത്തിയ റിഷഭ് പന്ത് മറികടന്നത്.

ലേലത്തില്‍ ആദ്യമെത്തിയത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങാണ്. താരത്തെ പഞ്ചാബ് കിങ്സ് തന്നെ വിളിച്ചെടുത്തു. 18 കോടി രൂപയ്ക്കാണ് അവര്‍ ലേലത്തില്‍ താരത്തെ വീണ്ടും സ്വന്തമാക്കിയത്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്ലറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. 15.75 കോടിയ്ക്കാണ് ഗുജറാത്ത് ബട്‌ലറെ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 11.75 കോടിയ്ക്കാണ് ഓസീസ് പേസറെ ഡല്‍ഹി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് താരത്തെ ഗുജറാത്ത് വിളിച്ചെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.