ലെബനനില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി
ടെല്‍ അവീവ്: മാസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ട് ഇസ്രയേലും ഹിസ്ബുള്ളയും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. ലെബനനില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി തീരുമാനിക്കപ്പെടുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.
കരാര്‍ ലംഘിച്ച് ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള ശ്രമിച്ചാല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അതിര്‍ത്തിക്ക് സമീപത്ത് നിന്നും തുടച്ചുനീക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചാലും പ്രതികരിക്കുമെന്ന് അദേഹം വ്യക്തമാക്കി. ആക്രമണങ്ങളെ തുടര്‍ന്ന് ഹിസ്ബുള്ള ഭീകരര്‍ ഇന്ന് ദുര്‍ബലരായിരിക്കുകയാണ്. ഭീകരസംഘടനയുടെ നേതൃ നിരയേയും അവരുടെ ആയുധ ശേഷിയേയും തകര്‍ത്തെറിയാന്‍ ഇസ്രയേല്‍ സൈന്യത്തിന് സാധിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി.
ഇറാനില്‍ നിന്ന് ഇസ്രയേലിനെതിരെ ഉയരുന്ന ഭീഷണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, സേനാ വിഭാഗത്തിന് വിശ്രമം നല്‍കിക്കൊണ്ട് ആയുധ ശേഖരം വര്‍ധിപ്പിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നി ലക്ഷ്യങ്ങളാണ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിന് കാരണമായതെന്നും അത് രഹസ്യമായ കാര്യമല്ലെന്നും താന്‍ അത് ഇവിടെ തുറന്നു പറയുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലില്‍ നിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേല്‍ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാര്‍ ബാധിക്കില്ലെന്നും അദേഹം പറഞ്ഞു.
തെക്കന്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ലെബനീസ് സൈന്യത്തെയും ലെബനനിലെ യു.എന്‍ സമാധാന സേനയേയും (യൂണിഫില്‍) വിന്യസിക്കും. യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമിതിക്കായിരിക്കും നിരീക്ഷണ ചുമതല. അതേസമയം കരാറിന്റെ പ്രായോഗികത സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
ഹിസ്ബുള്ള വാക്ക് തെറ്റിച്ചാല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം കരാറില്‍ ചേര്‍ക്കാന്‍ ലെബനന്‍ സമ്മതിച്ചിട്ടില്ല. കരാര്‍ നടപ്പാക്കുന്നതില്‍ യൂണിഫിലിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാല്‍ ഹിസ്ബുള്ളയ്ക്ക് നേരേ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം കരാറിന് അംഗീകാരം നല്‍കുന്നത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്ന് ഇസ്രയേല്‍ ദേശസുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ വ്യക്തമാക്കി.
ഗാസയിലെ യുദ്ധത്തിന് സമാന്തരമായി 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിനിടെ 3760 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിന് 82 പട്ടാളക്കാരെയും 47 പൗരരെയും നഷ്ടപ്പെട്ടു. പേജര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ സെപ്റ്റംബര്‍ അവസാനമാണ് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ലെബനനില്‍ പൂര്‍ണതോതിലുള്ള യുദ്ധം ആരംഭിച്ചത്.
വെടിനിര്‍ത്തല്‍ കരാറിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. മധ്യ ബയ്‌റുട്ടിലും നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേലി പോര്‍ വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ബയ്‌റുട്ടിലെ 20 കെട്ടിടങ്ങള്‍കൂടി ഒഴിയാന്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിനുള്ള തീരുമാനം വരും മുന്‍പ് ഹിസ്ബുള്ളയുടെ കൂടുതല്‍ ശക്തി കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍ സേന ലക്ഷ്യവച്ചത്.
ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ള ഭീകരര്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.