തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരാണ് ജുഡീഷ്യൽ കമ്മീഷൻ.
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. തിരുവിതാംകൂർ രാജഭരണ കാലത്ത് നൽകിയ വിവാദ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തി എന്നിവ കണ്ടെത്തുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാം എന്നതിൽ റിപ്പോർട്ട് നൽകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യണമെന്നും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകൾ അടക്കം വേഗത്തിൽ പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മുനമ്പത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലാകാലങ്ങളായി താമസിക്കുന്നവരും വഖഫ് ബോർഡുമായി ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ജുഡീഷ്യൽ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണ സമിതി അറിയിച്ചു. പരിഗണനാ വിഷയങ്ങൾ ഒറ്റനോട്ടത്തിൽ സ്വാഗതാർഹമാണെന്നും വിശദമായി പരിശോധിച്ച് വരികയാണെന്നും കൺവീനർ ജോസഫ് ബെന്നി വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്നത്തിൽ സമരക്കാരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.