ഹൈപവര്‍ മൈക്രോവേവ് തരംഗങ്ങള്‍ പ്രയോഗിക്കുന്ന ഇന്ത്യയുടെ ഡയറക്ട് എനര്‍ജി ആയുധം പണിപ്പുരയില്‍; ശത്രു രാജ്യങ്ങള്‍ കൂടുതല്‍ ഭയക്കും

ഹൈപവര്‍ മൈക്രോവേവ് തരംഗങ്ങള്‍ പ്രയോഗിക്കുന്ന ഇന്ത്യയുടെ ഡയറക്ട് എനര്‍ജി ആയുധം പണിപ്പുരയില്‍; ശത്രു രാജ്യങ്ങള്‍ കൂടുതല്‍ ഭയക്കും

ന്യൂഡല്‍ഹി: ശത്രു രാജ്യങ്ങളുടെ നീക്കങ്ങള്‍ തകര്‍ക്കാനുള്ള ഇന്ത്യയുടെ പുതിയ ആയുധം വൈകാതെ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിപ്പോര്‍ട്ട്. ഈ 'വജ്രായുധത്തിന്റെ' പണിപ്പുരയിലാണ് ഇന്ത്യ. ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയവയെ തകര്‍ക്കാനുള്ള ഒരു ഡയറക്ട് എനര്‍ജി ആയുധമാണ് വികസിപ്പിക്കുന്നത്.

അമേരിക്കയും ചൈനയും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാനുള്ള കഠിന ശ്രമത്തിലാണ്. അമേരിക്ക ഇതിന്റെ പരീക്ഷണ ഘട്ടത്തിലെത്തിലാണ്. ഡ്രോണുകളുടെയും മിസൈലുകളുടെയും ഇലക്ട്രോണിക് സംവിധാനത്തെ താറുമാറാക്കാനുള്ള ഹൈപവര്‍ മൈക്രോവേവ് തരംഗങ്ങള്‍ പ്രയോഗിക്കുന്ന ആയുധമാണ് ഇന്ത്യയുടെ പണിപ്പുരയിലുള്ളത്.

പ്രധാനമായും നാവിക സേനയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത ആയുധങ്ങളെ അപേക്ഷിച്ച് ഹൈപവര്‍ മൈക്രോവേവ് ആയുധങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനങ്ങളുണ്ട്.

ഇത്തരം ആയുധങ്ങള്‍ കൊണ്ട് ശത്രു ലക്ഷ്യങ്ങളെ മറ്റ് ആയുധങ്ങളേക്കാള്‍ കൃത്യമായി ആക്രമിക്കാനാകും. പെട്ടെന്ന് പ്രതികരിക്കാനും എതിരാളികളെ പരാജയപ്പെടുത്താനും സാധിക്കും.

മാത്രമല്ല കുറഞ്ഞ ഊര്‍ജം മാത്രമേ ഈ ആയുധങ്ങള്‍ക്ക് ആവശ്യമായി വരികയുള്ളൂ. ആധുനിക സൈനിക സാങ്കേതിക വിദ്യയില്‍ ഇത്തരം ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ ഇന്ന് വികസനത്തിന്റെ പല ഘട്ടങ്ങളിലാണ്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും ഉയരാന്‍ പോകുന്നത്.

സാധാരണ യുദ്ധ സമാനമായ സാഹചര്യത്തില്‍ എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാനാണ് ഏത് സൈന്യവും ശ്രമിക്കുക. അതിനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കൂട്ടമായ ആക്രമണമാണ് നടത്തുക. ഉക്രെയ്ന്‍ യുദ്ധത്തിലും ഇസ്രയേല്‍-ഹമാസ്-ഹിസ്ബുള്ള ആക്രമണങ്ങളിലും ഈ രീതി കണ്ടതാണ്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ നാശമുണ്ടാക്കാന്‍ ഇത്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സാധിക്കും. പരമ്പരാഗത പ്രതിരോധ ആയുധങ്ങള്‍ക്ക് കൂട്ടമായി വരുന്ന ഇത്തരം ആക്രമണങ്ങളെ പൂര്‍ണ തോതില്‍ പരാജയപ്പെടുത്താനാകില്ല. പ്രതിരോധ സംവിധാനത്തിന്റെ പിഴവ് മുതലാക്കി അവ ആക്രമണം നടത്തും.

ഇന്ന് ഡ്രോണുകളുടെ ഉപയോഗം കരയിലും ആകാശത്തും സമുദ്രത്തിലും എത്തിനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈപവര്‍ മൈക്രോവേവ് ആയുധം നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ നിലവില്‍ ഇത്തരത്തിലൊരു ആയുധം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രധാന പോരായ്മ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ മാത്രമേ ആക്രമിക്കാനാകു എന്നതാണ്. ഇത് വര്‍ധിപ്പിച്ച് അഞ്ച് കിലോമീറ്റര്‍ പരിധിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ആക്രമണ പരിധി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ ഡ്രോണുകളെയും ശത്രുവിന്റെ മിസൈലുകളെയും നിര്‍വീര്യമാക്കാനാകും. ഇതുവഴി ശത്രുവിന്റെ ആക്രമണത്തില്‍ നിന്നുണ്ടാകുന്ന നാശം പരമാവധി കുറയ്ക്കാനാകും. നാവികസേന യുദ്ധക്കപ്പലുകള്‍ക്ക് കൂടുതല്‍ മാരകമായ ആക്രമണം നടത്താന്‍ ഇതിലൂടെ സമയം ലഭിക്കുകയും ചെയ്യും.

വിവിധ ദിക്കില്‍ നിന്ന് ഒരേസമയം വരുന്ന ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കണം. കാര്യമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ ശത്രുവിന്റെ ഡ്രോണുകളെ ആക്രമിക്കാനാകണം. വരുന്ന ഡ്രോണ്‍ എത്ര ദൂരെയാണ് എന്നതനുസരിച്ച് ഉപയോഗിക്കേണ്ട ഊര്‍ജത്തില്‍ മാറ്റം വരുത്തുന്നത് ആയാസരഹിതമായി ചെയ്യാനാകണം. തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ നാവികസേനയുടെ ആവശ്യങ്ങള്‍.

ഇതിനുള്ള അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാകും ഇന്ത്യയുടെ ഡയറക്ട് എനര്‍ജി ആയുധത്തിനുണ്ടാകുക എന്നാണ് കരുതുന്നത്. ഹൈപവര്‍ മൈക്രോവേവ് സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ഗവേഷണം ഇതിന് ആവശ്യമാണ്. ആയുധത്തെ പ്രഹരശേഷിയുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.