പാരീസ്: പാരീസിലെ വിഖ്യാതമായ നോട്രഡാം കത്തീഡ്രല്‍ ഡിസംബറില്‍ വിശ്വാസികള്‍ക്കായി വീണ്ടും തുറക്കുന്നു. 2019 ലെ അഗ്‌നിബാധയില്‍ കത്തിയമര്‍ന്ന കത്തീഡ്രലില്‍ അഞ്ചു വര്‍ഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വീണ്ടും തുറന്നു കൊടുക്കുന്നത്. പ്രൗഢഗംഭീരമായ ചടങ്ങുകളാണ് കത്തീഡ്രലിന്റെ പുനര്‍സമര്‍പ്പണത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. ഈ ചടങ്ങിലേക്കായി ലോകനേതാക്കളെ അടക്കം ക്ഷണിക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം കത്തീഡ്രല്‍ സന്ദര്‍ശിച്ചു. പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനൊപ്പം നടത്തിയ സന്ദര്‍ശനത്തില്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ, പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച്, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പൊതുസ്ഥാപനത്തിന്റെ തലവന്‍ ഫിലിപ്പ് ജോസ്റ്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കത്തീഡ്രലിന്റെ മധ്യഭാഗം ഏറെ മനോഹരമായിരിക്കുന്നതായി മാക്രോണ്‍ വിശേഷിപ്പിച്ചു. ഇത് നാലാം തവണയാണ് മധ്യഭാഗം പുനര്‍നിര്‍മ്മിക്കുന്നത്. നവീകരണത്തിന് ശേഷമുള്ള പള്ളിയുടെ ഉള്‍വശത്തിന്റെ ചിത്രങ്ങളും ഇന്നലെ പുറത്തുവിട്ടു. കത്തീഡ്രലിന്റെ നവീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മാക്രോണ്‍ നന്ദി അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടെ ലോകം ഉറ്റുനോക്കുന്നത് ഈ ദേവാലയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ചടങ്ങിലേക്കാണ്. കത്തീഡ്രല്‍ വീണ്ടും തുറക്കുമ്പോള്‍, എന്തൊക്കെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന ആകാംക്ഷയിലാണ് വിശ്വാസികളും വിനോദ സഞ്ചാരികളും.
ഡിസംബര്‍ 8 ന് നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍, പാരീസിലെ ആര്‍ച്ച് ബിഷപ് ലോറന്റ് ഉള്‍റിച്ച് മുഖ്യകാര്‍മികത്വം വഹിക്കും. പാരിസ് രൂപതയുമായി ബന്ധപ്പെട്ട അഞ്ച് വിശുദ്ധരുടെ തിരുശേഷിപ്പുകളും നോട്രഡാം കത്തീഡ്രലില്‍ പ്രതിഷ്ഠിക്കും. അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി കത്തീഡ്രലിന്റെ ഹാളുകളില്‍ ഗായകസംഘം ദൈവസ്തുതി ഗീതങ്ങള്‍ പാടും.
തീയില്‍ നിന്ന് അത്ഭുതകരമായി സംരക്ഷിപ്പെട്ട മുള്‍ക്കിരീടം ഉള്‍പ്പെടെയുള്ള തിരുശേഷിപ്പുകളുടെ ഘോഷയാത്രയും ഇതോടനുബന്ധിച്ച് നടക്കും. സമര്‍പ്പണത്തെതുടര്‍ന്ന് ഡിസംബര്‍ 9-ന് നോട്രഡാം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കും.
2019 ഏപ്രിലിലാണ് മദ്ധ്യകാലഘട്ട നിര്‍മ്മിതിയായ നോട്രഡാം പള്ളിയില്‍ വന്‍ അഗ്‌നിബാധയുണ്ടായത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന ഈ ദൈവാലയം തീപിടിത്തത്തില്‍ തകര്‍ന്നത് വിശ്വാസികളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. തീപിടിത്തത്തില്‍ പള്ളിയുടെ മേല്‍ക്കൂരയും ഗോപുരവും പൂര്‍ണമായും നശിച്ചിരുന്നു. എന്നാല്‍, പള്ളിയുടെ ഘടന കേടുകൂടാതെ നിന്നു. കോവിഡ് കാലയളവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്‌ക്കേണ്ടി വന്നു. 84 കോടി യൂറോ ആണ് പുനരുദ്ധാരണത്തിന് ചെലവായത്.
നോട്രഡാമില്‍ തീപിടിത്തമുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. 12 -ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട നോട്രഡാമില്‍ ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം ഉള്‍പ്പെടെ അനേകം അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെയിന്റിങ്ങുകളുടെയും ശില്‍പങ്ങളുടെയും ശേഖരം നോട്രഡാമിലുണ്ടായിരുന്നു. അഗ്‌നിബാധയില്‍ ഈ അമൂല്യ വസ്തുക്കള്‍ക്കൊന്നും കേടുപാട് സംഭവിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.