വാഷിങ്ടണ്‍: ഡോളറിനെതിരെ നീക്കങ്ങള്‍ നടത്തിയാല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് നൂറു ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്സ് രാജ്യങ്ങള്‍ പിന്തുണയ്ക്കുകയോ ചെയ്താല്‍ 100 ശതമാനം നികുതി ഈടാക്കുമെന്നും അവര്‍ക്ക് പിന്നീട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ബ്രിക്‌സ് രാജ്യങ്ങള്‍ യു.എസ് ഡോളറല്ലാതെ മറ്റൊരു കറന്‍സിയെ പിന്തുണക്കരുതെന്നാണ് ട്രംപിന്റെ ആവശ്യം. ഡോളറിനെ സംരക്ഷിക്കുന്നതിനായി ഇത്തരം കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് ട്രംപ് പറയുന്നത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നിവയാണ് ബ്രിക്‌സ് രാജ്യങ്ങള്‍. ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ഉച്ചകോടിയില്‍ ഡോളര്‍ ഇതര ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറന്‍സികള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ബ്രിക്സ് പേ എന്ന പേരില്‍ സ്വന്തം പേയ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, എന്നീ സമ്പദ് വ്യവസ്ഥകള്‍ ഒരുമിച്ച് ഒരു കറന്‍സി രൂപീകരിച്ചാല്‍ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് ബ്രിക്സ് സാമ്പത്തിക വിദഗ്ദ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ ഇതിന് തടയിടുന്ന നിലപാടാണ് ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഓരോ രാജ്യവും അതത് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സ്വയം ശ്രമിക്കണമെന്നാണ് ഇന്ത്യയുടെയും നിലപാട്. ഇന്ത്യന്‍ രൂപയിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവും ആര്‍ബിഐയും ധനമന്ത്രാലയവും നടത്തി വരികയാണ്.
ഇതിനിടെയാണ് ട്രംപ് കടുത്ത നിലപാട് അറിയിച്ചിരിക്കുന്നത്. അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍ ഇന്ത്യ ഈ വിഷയത്തില്‍ കരുതലോടെയാകും ഇനി നിലപാട് സ്വീകരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.