നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന നിര്‍ദേശം മുന്നോട്ട്‌വച്ച് മാര്‍പാപ്പ

നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന നിര്‍ദേശം മുന്നോട്ട്‌വച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് ഫ്രാന്‍സിസ് പാപ്പ. കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബാര്‍ത്തലോമിയോയ്ക്ക് അയച്ച കത്തിലാണ് ഈ നിര്‍ദേശമുള്ളത്.

ഓര്‍ത്തഡോക്സ് സഭ ആഘോഷിക്കുന്ന വിശുദ്ധ ആന്‍ഡ്രൂസിന്റെ തിരുനാളാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഇസ്താംബുളിലെത്തിയ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ കര്‍ട്ട് കോച്ചാണ് കത്ത് കൈമാറിയത്. ഈ കത്ത് കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ച വിവിധ സഭാംഗങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ഐക്യത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരമായി നിഖ്യാ സൂനഹദോസിന്റെ ആസന്നമായ 1700-ാം വാര്‍ഷികാഘോഷങ്ങള്‍ മാറ്റാം എന്ന അഭ്യര്‍ത്ഥനയാണ് പാപ്പ കത്തില്‍ മുമ്പോട്ടുവച്ചിരിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം സാധ്യമായ സാഹോദര്യം ആഘോഷിക്കുമ്പോഴും പൂര്‍ണമായ ഐക്യം, പ്രത്യേകിച്ചും 'ഒരേ ദിവ്യകാരുണ്യ പാനപാത്രത്തിന്റെ പങ്കുവയ്ക്കല്‍' പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യമായി തുടരുകയാണെന്ന് കത്തില്‍ പറയുന്നു.

'ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് അവര്‍ കത്തോലിക്കരോ ലൂഥറനോ ആംഗ്ലിക്കനോ ആയതുകൊണ്ടല്ല, മറിച്ച് അവര്‍ ക്രിസ്ത്യാനികളായതുകൊണ്ടാണ്' എന്ന് കര്‍ദിനാള്‍ കര്‍ട്ട് കോച്ച് ചൂണ്ടിക്കാട്ടി.

യുദ്ധവും സംഘര്‍ഷവും പടര്‍ന്നപിടിച്ചിരിക്കുന്ന ലോകത്തിന് നല്‍കാന്‍ കഴിയുന്ന സന്ദേശം കൂടിയാവും ക്രൈസ്തവരുടെ സാഹോദര്യത്തിന്റെ സാക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍, പാലസ്തീന്‍, ഇസ്രയേല്‍, ലെബനന്‍ എന്നീ രാജ്യങ്ങളെ പാപ്പ പ്രത്യേകമായി പരാമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.