സോൾ: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പിൻവലിച്ചതിന് പിന്നാലെ പ്രസിഡന്റ് യുൻ യുക് സോൾ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നു. യുൻ സുക് യോൾ സ്വമേധയാ രാജിവെച്ചില്ലെങ്കിൽ അദേഹത്തിനെ ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയമാക്കും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
എന്നാൽ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ആവശ്യമാണ്. കൂടാതെ ഭരണഘടന കോടതിയുടെ അനുമതി കൂടി ഉണ്ടെങ്കിൽ മാത്രമാണ് പ്രമേയം പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളു. 300 അംഗ നിയമസഭയിൽ 108 സീറ്റുകൾ മാത്രമാണ് യൂണിന്റെ പാർട്ടിക്കുള്ളത്.
ഇന്ന് (ബുധനാഴ്ച്ച) സമർപ്പിച്ച പ്രമേയം ശനിയാഴ്ച്ച വോട്ടിനിടും. അതേസമയം സർക്കാരിനെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട ചെയ്തു. പ്രസിഡൻഷ്യൽ സ്റ്റാഫ് രാജി അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിമാർ രാജി സന്നദ്ധത അറിയിച്ചത്.
ഇന്നലെയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റായ യുൻ സുക് യോൾ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അദേഹം തന്നെ അത് പിൻവലിക്കുമെന്ന് അറിയിക്കുകയായിരുന്നു. നിയമ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായി യുൻ സുക് യോളിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
രാജ്യത്തെ പ്രതിപക്ഷ ശക്തികൾ അയൽരാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതായും പാർലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. രാജ്യത്തെ വഞ്ചിച്ച് അയൽരാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയ പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. നിയമം ഏർപ്പെടുത്തിയതോടെ പാർലമെന്റിന്റേയും രാഷ്ട്രീയ കക്ഷികളുടേയും പ്രവർത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളടക്കം എല്ലാ പ്രസാധകരും സൈന്യത്തിന്റെ അധീനതയിൽ ആയിരിക്കുമെന്നും യുൻ സുക് യോൾ പ്രഖ്യാപിച്ചിരുന്നു.
പാർലമെന്റിലെ ഒരു ബില്ലുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. പട്ടാള നിയമം നിലവിൽ വന്നതോടെ സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.