യുകെയിലെ അ‍ഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ പൊണ്ണത്തടി; അനാരോ​ഗ്യപരമായ ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ വിലക്കാനൊരുങ്ങി സർക്കാർ

യുകെയിലെ അ‍ഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ പൊണ്ണത്തടി; അനാരോ​ഗ്യപരമായ ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ വിലക്കാനൊരുങ്ങി സർക്കാർ

ലണ്ടൻ: യുകെയിലെ കുട്ടികളിൽ അമിത വണ്ണത്തിന്റെ നിരക്ക് വർധിക്കുകയാണെന്ന് നാഷണൽ ഹെൽത്ത് സർവീസ് റിപ്പോർട്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 9.2 ശതമാനം പേർക്കും അമിത വണ്ണമുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ അഞ്ച് വയസുള്ള 23.7 ശതമാനം കുട്ടികൾക്കും അമിതമായി മധുരം കഴിക്കുന്നതിന്റെ ഫലമായി ദന്തക്ഷയവുമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ അനാരോ​ഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങൾ പകൽ സമയത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ. ​ഗ്രനോള, മഫിൻസ്, തുടങ്ങി ജം​ഗ് ഫുഡ് പട്ടികയിൽ ഉൾപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പരസ്യം പകൽ സമയത്ത് നിരോധിക്കാനാണ് സർക്കാർ നീക്കം. 2025 ഒക്ടോബർ മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

ജനപ്രിയ ഭക്ഷണങ്ങളായ ക്രോയിസന്റുകൾ, പാൻകേക്കുകൾ, വേഫിൾസ്, ഷു​ഗറി സെറിയൽസായ ​ഗ്രനോള, മ്യൂസ്ലി, ഇൻസ്റ്റന്റ് പോറിഡ്ജ് എന്നിവ, പഞ്ചസാര ചേർത്ത യോ​ഗർട്ടുകൾ, ഫ്രിസി ഡ്രിങ്കുകൾ, ചില ഫ്രൂട്ട് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ, ലെന്റിൽ ചിപ്സ്, ബോംബെ മിക്സ് തുടങ്ങിയവയെല്ലാം നിയന്ത്രിത ഭക്ഷണങ്ങളാണെന്ന് സർക്കാർ വ്യക്തമാക്കി. ട്രഡീഷണൽ ഹാംബർ​ഗറുകളും ചിക്കൻ ന​ഗ്​ഗറ്റ്സും ഉൾപ്പടെ നിയന്ത്രിക്കേണ്ടതാണെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക വഴി പ്രതിവർഷം 20,000 പൊണ്ണത്തടി കേസുകൾ വരെ ഒഴിവാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. നേരത്തെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ടെലിവിഷൻ പരസ്യങ്ങൾ വിലക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഭക്ഷ്യകമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നതിനാൽ ഇത് കൈകാര്യം ചെയ്യാൻ സമയം അനുവദിച്ചതിന്റെ ഭാഗമായാണ് വിലക്ക് നീണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.